ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിരമിച്ച സൈനികരുടെ കത്ത്. സൈന്യത്തെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കത്തിനെതിരെ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്ത്. എട്ട് മുൻ സൈനിക മേധാവികളടക്കം 156 സൈനികരാണ് കത്തെഴുതിയത്.
സൈനിക നടപടികളുടെ അംഗീകാരം തട്ടിയെടുക്കാനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നതെന്നും രാഷ്ട്രപതിക്ക് അയച്ച കത്തിൽ സൈനികർ പറയുന്നു.
രാഷ്ട്രീയ പ്രവർത്തകർ പ്രചാരണത്തിനായി സൈനികരുടെ വസ്ത്രങ്ങളും പോസ്റ്ററുകളും ഉപയോഗിക്കുന്നു. പ്രത്യേകിച്ച് അഭിനന്ദൻ വർധമാന്‍റെ ചിത്രങ്ങൾ ഇതിനായി ഉപയോഗിക്കുന്നുവെന്നും സൈനികർ ചൂണ്ടിക്കാട്ടി. ജനറൽ സുനിത് ഫ്രാൻസീസ് റോഡ്രിഗസ്, ശങ്കർ റോയി ചൗധരി, ദീപക് കപൂർ, അഡ്മിറൽ ലക്ഷ്മിനാരായൺ രാംദാസ്, വിഷ്ണു ഭഗവത്, അരുൺ പ്രകാശ്, സുരേഷ് മേത്ത, എയർ ചീഫ് മാർഷൽ എൻ.സി. സുരി എന്നീ സൈനിക മേധാവിമാരാണ് കത്തയച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മോദി സേന പരാമർശത്തെയും സൈനികർ വിമർശിച്ചു.