ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സോഷ്യല്‍മീഡിയകള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൈാക്കെയാണെന്ന് വ്യക്തമാക്കി സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ഉദയ് ഉമേഷ് ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഏപ്രില്‍ 16 ന് ഈ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉത്തരവിനോട് പ്രതികരിക്കാന്‍ കമ്പനികള്‍ തയ്യാറായില്ല.
ഫെയ്‌സ്ബുക്ക് അയര്‍ലണ്ട്, ഫെയ്‌സ്ബുക്ക് ഇന്ത്യ, ഗൂഗിള്‍ ഇന്ത്യ, ഗൂഗിള്‍ ഐഎന്‍സി, മൈക്രോസോഫ്റ്റ്, വാട്‌സ്‌ആപ്പ്, യാഹൂ, തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് ഒരു ലക്ഷം രൂപ വീതം കോടതി പിഴ ചുമത്തിയിരിക്കുന്നത്. ജൂണ്‍ 15നകം അവ സമര്‍പ്പിക്കാനും ഒരുലക്ഷം രൂപ പിഴ നല്‍കാനുമാണ് കോടതിയുടെ പുതിയ ഉത്തരവ്. സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്ന കുറ്റകരമായ വീഡിയോകളെ കുറിച്ച് സന്നദ്ധ സംഘടനയായ പ്രജ്ജ്വലയാണ് പരാതി നല്‍കിയത്.