ജയ്പൂര്‍: സ്കൂളുകളില്‍ ഇനി കുട്ടികള്‍ സന്ന്യാസിമാരുടെ പ്രഭാഷണം കേള്‍ക്കണം, വന്ദേമാതരം പാടണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്കൂളുകളില്‍ നിന്നാണ് ഇതിന്റെ തുടക്കം. മധ്യപ്രദേശില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടപ്പിലാക്കിയിരുന്നു. എന്‍സിഇആര്‍ടിയുടെ പാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതിയതും, മധ്യപ്രദേശിലെ സ്‌ക്കൂള്‍കുട്ടികളെ കൊണ്ട് ഹാജറിനു പകരം ജയ്ഹിന്ദ് പറയിപ്പിക്കുകയും ചെയ്തത് വിവാദമായിരുന്നു.
സെക്കണ്ടറി വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് എല്ലാ മൂന്നാം ശനിയാഴ്ചയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ വിശുദ്ധ വ്യക്തികളുടെ പ്രഭാഷണ ശകലങ്ങള്‍ കേള്‍പ്പിക്കണമെന്ന് നിര്‍ദ്ദേശമുള്ളത്. ശനിയാഴ്ചകള്‍ ഇനിമുതല്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കും. ഈ ദിവസങ്ങളില്‍ അധ്യാപകരും, പ്രധാനാധ്യാപകരും, അതാതു പ്രദേശത്തെ പ്രമുഖരായ വ്യക്തികളും വിദ്യാര്‍ത്ഥികളോടു സംസാരിക്കുകയും, സാരോപദേശ കഥകള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യും.
ഇതിന് പിന്നാലെ രാജസ്ഥാനിലെ സ്കൂളുകളിലും സര്‍ക്കാര്‍ കാവി വല്‍ക്കരണം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. മാസത്തിലെ ആദ്യത്തെ ശനിയാഴ്ച പ്രശസ്ത വ്യക്തികളുടെ ജീവചരിത്രവും, രണ്ടാമത്തെ ശനിയാഴ്ച ഗുണപാഠകഥകളും വിദ്യാര്‍ത്ഥികളെ വായിച്ചു കേള്‍പ്പിക്കണമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. വിശുദ്ധരുടെ ജീവിതകഥകള്‍ വായിച്ചു കേള്‍പ്പിക്കുന്നതുവഴി വിദ്യാര്‍ത്ഥികളില്‍ ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനാകുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്‌നാനി വ്യക്തമാക്കി.