ന്യൂഡല്‍ഹി: 328 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു. സാധാരണ ഉപയോഗിക്കുന്ന സിറപ്പുകള്‍, വേദനാ സംഹാരികള്‍, ജലദോഷത്തിനും പനിക്കുമുള്ള മരുന്നുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയാണ് നിരോധിച്ചിരിക്കുന്നത്. ആറ് മരുന്നുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
മരുന്നുകളുടെ അനധികൃത ഉപയോഗം തടയുന്നത് ലക്ഷ്യമിട്ടാണിത്. 2016ല്‍ 50 മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ കമ്പനികള്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസുകളുടെ പരിശോധന ഉപദേശക സമിതിയ്ക്ക് വിട്ടു. എന്നാല്‍ ഈ മരുന്നുകളുടെ ചേരുവകളെക്കുറിച്ച് കൃത്യമായി വിശദീകരണം നല്‍കാന്‍ മരുന്നു കമ്പനികള്‍ക്കായില്ല.
ഇവയുടെ ഉപയോഗം മനുഷ്യന് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതോടെയാണ് ആരോഗ്യമന്ത്രാലയം ഇവ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.വേദന സംഹാരിയായ സാറിഡോണ്‍, സ്‌കിന്‍ ക്രീമായ പാന്‍ഡേം, പ്രമേഹ മരുന്നായ ഗ്ലൂകോനോം പിജി എന്നിവ നിരോധിച്ചവയില്‍ ചിലതാണ്.16 ബില്ല്യണ്‍ രൂപയുടെ മരുന്നുകളാണ് ഒറ്റയടിക്ക് നിരോധിച്ചത്.