കോഴിക്കോട്: അണികളില്‍ നിന്നുയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് കുറ്റ്യാടി സീറ്റ് സിപിഎം തിരിച്ചെടുത്തു. ഇവിടെ കെപി കുഞ്ഞമ്മദ് കുട്ടി തന്നെ സ്ഥാനാര്‍ത്ഥിയാകും. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇവിടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന അഭ്യൂഹങ്ങളുയര്‍ന്നെങ്കിലും ഒടുവില്‍ കുഞ്ഞമ്മദ് കുട്ടിയ്ക്ക് തന്നെ നറുക്ക് വീഴുകയായിരുന്നു.
ജയ സാധ്യതയും പാര്‍ട്ടി കമ്മിറ്റികളുടെ അഭിപ്രായവും പ്രാദേശികവികാരവും മാനിച്ചാണ് അദ്ദേഹത്തെ സിപിഎം സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ കീഴ് ഘടകങ്ങളില്‍ നിന്നും അദ്ദേഹത്തിന് വേണ്ടി ശക്തമായ സമ്മര്‍ദ്ദവുമുണ്ടായിരുന്നു.
പ്രദേശികമായി അണികള്‍ക്കിടയില്‍ നിന്നും ഉണ്ടായ എതിപ്പുകളും പ്രതിഷേധ പ്രകടനങ്ങളും അവഗണിച്ചാല്‍ സമീപ മണ്ഡലങ്ങളിലെ ഇടതുമുന്നണിയുടെ പ്രകടനത്തെയും ഇത് ദോഷകരമായി ബാധിച്ചേക്കുമെന്ന വിലയിരുത്തലുകളുമുണ്ടായി.