കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ വധിച്ച കേസിലെ മുഖ്യപ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇപ്പോഴും ഒളിവില്‍. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളെ പോലും പിടിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. പ്രതികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തവരാണ് പിടിയിലുള്ളത്. എന്നാല്‍ അഭിമന്യുവിനെ കുത്തിയ സംഘത്തെ ഉടന്‍ പിടികൂടുമെന്നും അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോവുകയാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതികളുടെ കുടുംബം ഉള്‍പ്പടെയുള്ളവര്‍ ഒളിവിലാണെന്നാണ് പോലീസിന്‍റെ വിശദീകരണം. ഇവരുടെ ബാക്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് സാമ്പത്തിക ശ്രോതസ് അടയ്ക്കാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്.
പ്രതികള്‍ക്ക് പല സ്ഥലങ്ങളില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കര്‍ണാടകയിലും കണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും പോലീസ് മുഖ്യപ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. നെട്ടൂര്‍ സ്വദേശികളായ ആറ് പേരും മഹാരാജാസിലെ വിദ്യാര്‍ഥിയായ മുഹമ്മദുമാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളത് എന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇവരെല്ലാം ഒളിവിലാണ്. ഇവര്‍ വിദേശത്തേക്ക് കടന്നുവെന്ന് പോലും പോലീസിന് സംശയമുണ്ട്. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികളെക്കുറിച്ചുള്ള എല്ലാ സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ടെന്നുമാണ് സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശിന്‍റെ അവകാശവാദം. കേസില്‍ നിലവില്‍ അറസ്റ്റിലായിരിക്കുന്നവരെല്ലാം പ്രധാന പങ്ക് വഹിച്ചവര്‍ തന്നെയാണ്.