ബംഗളൂരു: അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. കൊലക്കേസില്‍ ആരോപണവിധേയനായ അമിത് ഷായാണ് ദേശീയ പാര്‍ട്ടിയായ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ നയിക്കുന്നത്.
അമിത് ഷായുടെ പശ്ചാത്തലവും അദ്ദേഹം രാഷ്ട്രീയത്തിലൂടെ എന്താണ് ചെയ്തതെന്നും നോക്കൂ. കൊലപാതക കേസില്‍ ആരോപണ വിധേയനാണെന്നതും മറക്കരുതെന്നും രാഹുല്‍ ആഞ്ഞടിച്ചു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുനേടുന്ന വലിയ പാര്‍ട്ടിയായിരിക്കും കോണ്‍ഗ്രസെന്നും കോണ്‍ഗ്രസ് ജയിക്കുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രിയാകുമെന്നും രാഹുല്‍ പറഞ്ഞു.
ബി.ജെ.പി സത്യസന്ധതയും ഔചിത്യവുമെല്ലാം പ്രസംഗിക്കുമ്പോഴും പാര്‍ട്ടിയെ നയിക്കുന്നത് കൊലകേസില്‍ കുറ്റാരോപിതനായ അമിത് ഷാ ആണ്. ജസ്റ്റിസ് ലോയ കേസില്‍ സുപ്രീംകോടതി പരാമര്‍ശിച്ച അമിത് ഷായുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിര്‍ദേശം ചെയ്തിരിക്കുന്നത് അഴിമതിക്ക് ജയിലില്‍ കഴിഞ്ഞ ബി.എസ് യെദ്യൂരപ്പയെ ആണ്. തട്ടിപ്പുകാരായ എട്ടു റെഢ്ഡി സഹോദരന്‍മാര്‍ക്കാണ് ബി.ജെ.പി ടിക്കറ്റ് നല്‍കിയിരിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.