കൽപ്പറ്റ: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കും അദ്ദേഹത്തിന്റെ രണ്ടാം മണ്ഡലമായ വയനാടിനുമെതിരെ വർഗീയപരാമർശം നടത്തിയ ബിജെപി അദ്ധ്യക്ഷൻ അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. വയനാടിന്റെ ചരിത്രം അമിത് ഷായ്‌ക്ക് അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്താലേ ചരിത്രം മനസിലാകൂ എന്നും പറഞ്ഞു.
വയനാടിനെതിരായ പരാമർശം വർഗീയ വിഷം ചീറ്റുന്നതാണ്. ഇക്കാര്യത്തിൽ അമിത് ഷാ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൽപ്പറ്റയിൽ എൽഡിഎഫ് റാലി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ഇടതുപക്ഷത്തിന് ഭീഷണിയല്ല. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലൊന്ന് മാത്രമായാണ് വയനാട്ടിനെ ഇടതുപക്ഷം കാണുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി പി.പി.സുനീറിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. രാഹുൽ ഗാന്ധിയെ തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.