തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നില്‍ നിര്‍ത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആലപ്പുഴയില്‍ നടന്ന വിജയയാത്രയിലാണ് കെ സുരേന്ദ്രന്റെ പ്രഖ്യാപനം. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന് മുമ്പേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയാണ് ബിജെപി. ഡിഎംആര്‍സി ഉപദേഷ്ടാവെന്ന പദവിയില്‍ നിന്ന് വിരമിച്ച അതേ ദിവസം തന്നെയാണ് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിക്കുന്നത്.
വീടിനോട് അടുത്ത മണ്ഡലമെന്ന നിലയില്‍ പൊന്നാനിയില്‍ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്ന് എണ്‍പത്തിയെട്ടുകാരനായ ഇ ശ്രീധരന്‍ രാവിലെ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ വ്യക്തമാക്കിയിരുന്നു. പാലാരിവട്ടം പാലത്തിന്റെ അന്തിമപരിശോധനയ്ക്കായി എത്തിയതായിരുന്നു അദ്ദേഹം. എന്നാല്‍ ബിജെപി ഇ ശ്രീധരനെ തിരുവനന്തപുരം സെന്‍ട്രല്‍ അടക്കമുള്ള എ പ്ലസ് മണ്ഡലങ്ങളിലൊന്നിലാണ് പരിഗണിക്കുന്നത്.
ബിജെപി കേരളത്തില്‍ അധികാരത്തില്‍ വരുമെന്നും ഇ ശ്രീധരന്‍ അവകാശപ്പെട്ടു. തന്റെ വിശ്വാസ്യത തെരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാകും. എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. നാട്ടില്‍ നിന്ന് അധികദൂരത്താകരുത്. വീടുകള്‍ കയറിയുള്ള പ്രചാരണമായിരിക്കില്ല താന്‍ നടത്തുക. രാഷ്ട്രീയക്കാരനായല്ല ടെക്‌നോക്രാറ്റെന്ന നിലയിലാകും തന്റെ പ്രവര്‍ത്തനം. ശരീരത്തിന്റെ പ്രായമല്ല, മനസ്സിന്റെ പ്രായമാണ് പ്രധാനമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
ഡിഎംആസിയില്‍ 26 വര്‍ഷത്തിലേറെ നീണ്ട് നിന്ന ഔദ്യോഗിക ജീവിതത്തിനാണ് ഇന്ന് പാലാരിവട്ടം പാലം അറ്റകുറ്റപ്പണിയിയുടെ പൂര്‍ത്തീകരണത്തിലൂടെ ഇ ശ്രീധരന്‍ വിരാമമിട്ടത്.