ബംഗളൂരു : അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ സുപ്രിംകോടതിയിലേക്ക്. സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിന്റെ നടപടി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്നാണ് വിമത എംഎല്‍എമാരുടെ ആരോപണം. സ്പീക്കറുടെ തീരുമാനം ചോദ്യം ചെയ്ത് നാളെ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് ജെഡിഎസ് വിമതന്‍ എ എച്ച് വിശ്വനാഥ് അറിയിച്ചു.
14 വിമത എംഎല്‍എമാരെയാണ് സ്പീക്കര്‍ രമേഷ് കുമാര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ 11നും ജെഡിഎസിന്റെ മൂന്നും വിമത എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് നേടാനിരിക്കെയാണ് സ്പീക്കറുടെ നടപടി. വിമതരായ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ നേരത്തെ അയോഗ്യരാക്കിയിരുന്നു. വിശ്വാസവോട്ടെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും കാണാതായ ശ്രീമന്ത് പാട്ടീല്‍, മുതിര്‍ന്ന നേതാക്കളായ റോഷന്‍ ബെയ്ഗ്, ആനന്ദ് സിംഗ്, എ എച്ച് വിശ്വനാഥ്, എസ് ടി സോമശേഖര്‍ എന്നിവരെയെല്ലാം അയോഗ്യരാക്കിയിട്ടുണ്ട്.
വിമതരെ അയോഗ്യരാക്കിയതോടെ നിയമസഭയുടെ അംഗബലം 207 ആയി ചുരുങ്ങി. ഇത് ബിജെപി സര്‍ക്കാരിന് കൂടുതല്‍ അനുകൂലമാകുമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തില്‍ 104 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് വേണ്ടത്. ബിജെപി ക്യാമ്പില്‍ സ്വതന്ത്രന്‍ ഉള്‍പ്പെടെ 106 പേരുടെ പിന്തുണയുണ്ട്.