തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചതോടെ കേരളത്തിലെ ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ആരെത്തും എന്നതിനെ ചൊല്ലി ചര്‍ച്ചകള്‍ സജീവമായി. നിലവിലെ മിസ്സോറാം ഗവര്‍ണര്‍ മെയ് 28ന് വിരമിക്കും. അതുകൊണ്ടുതന്നെ കുമ്മനത്തിന് ഉടന്‍ തന്നെ കേരളം വിടേണ്ടവരും. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേരളത്തിലെ സംഘടനാതലത്തില്‍ കേന്ദ്രനേതൃത്വം അടിമുടി മാറ്റം വരുത്താന്‍ ശ്രമിക്കുന്നത്. ഇതിനു മുന്നോടിയായാണ് കുമ്മനത്തെ മിസ്സോറാം ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിയമിച്ചത്.
സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. കുമ്മനത്തിന്റെ പിന്‍ഗാമി ആരെന്ന് അമിത് ഷാ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തിന്റെ അധ്യക്ഷനെ തന്നെ മാറ്റിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ നിലപാടിലുള്ള അമ്പരപ്പിലാണ് നേതാക്കള്‍. കുമ്മനത്തിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ അപ്രതീക്ഷിത പ്രഖ്യാപനങ്ങള്‍ക്ക് ഇനിയും സാധ്യതയേറുകയാണ്. എം.ടി രമേശ്, പി.കെ കൃഷ്ണദാസ് എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടെങ്കിലും നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് സാധ്യത കൂടുതല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.