ന്യൂഡല്‍ഹി: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. നിയമസഭ തിരഞ്ഞെടുപ്പില്‍ അദേഹം ബിജെപി സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച വിജയന്‍ തോമസ് പ്രാഥമിക അംഗത്വവും രാജിവച്ചു.
'സംസ്ഥാനങ്ങളില്‍ ആരാണ് കാര്യങ്ങള്‍ നോക്കി നടത്താനുള്ളത്. ആകെ കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് നിലവില്‍ പ്രതീക്ഷയുള്ളത്. കോണ്‍ഗ്രസില്‍ നിന്നുള്ള എന്റെ വിട്ടുപോരല്‍ തുടക്കം മാത്രമാണ്. ഇനിയും ഒട്ടേറെ മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് കടന്നു ബിജെപിയില്‍ ചേരും. അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. മുതിര്‍ന്ന നേതാവ് പിസി ചാക്കോ കോണ്‍ഗ്രസ് വിട്ടു. അദേഹം താമസിയാതെ ഇടതില്‍ ചേരും' വിജയന്‍ തോമസ് പറഞ്ഞു.
സീറ്റു കിട്ടാത്തത് കൊണ്ടല്ല രാജിവച്ചതെന്ന് വിജയന്‍ തോമസ് പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് സിപിഎമ്മിനെതിരെയാണെങ്കിലും അവര്‍ ബിജെപിയെയാണ് പ്രധാന എതിരാളിയായി കാണുന്നത്. അത്ര ദയനീയമാണ് കോണ്‍ഗ്രസിന്റെ അവസ്ഥയെന്നും വിജയന്‍ തോമസ് പറഞ്ഞു.