സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി. ആറ് മണിയോടെ മിക്ക ബൂത്തുകളിലും മോക് പോളിംഗ് തുടങ്ങി.അതോടൊപ്പം നിരവധി ഇടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി.
ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ് രേഖപ്പെടുത്തുമ്പോഴും സംസ്ഥാനത്ത് വ്യാപക ക്രമക്കേടുകളും പാകപ്പിഴകളുമാണ് കണ്ടെത്തുന്നത്.രാവിലെ ആറ് മണിക്ക് തുടങ്ങിയ മോക്ക് പോളിംഗ് പലയിടത്തും വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും തകരാറിനെത്തുടർന്ന് മുടങ്ങി.
കോഴിക്കോട്ടാണ് മോക് പോളിംഗിൽ ആദ്യം പാകപ്പിഴ കണ്ടെത്തിയത്. കൊല്ലത്തും വിവി പാറ്റ് യന്ത്രത്തിന് തകരാർ കണ്ടെത്തി. മലപ്പുറത്ത് പലയിടത്തും വൈദ്യുതിയില്ലാത്തതിനാൽ മെഴുകുതിരി വെട്ടത്തിലാണ് മോക് പോളിംഗ്.
തിരുവനന്തപുരം കോവളത്തെ ചൊവ്വര ബൂത്ത് നമ്പർ 151-ൽ വോട്ടിംഗ് യന്ത്രത്തിൽ ഗുരുതരമായ തകരാറ് കണ്ടെത്തി.
കൈപ്പത്തി ചിഹ്നത്തിന് കുത്തുമ്പോൾ താമരയ്ക്കാണ് വോട്ട് വീഴുന്നത്. 76 വോട്ട് ചെയ്ത ശേഷം മാത്രമാണ് ഇത് കണ്ടെത്തിയത് എന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയുമായി.
റീപോളിംഗ് വേണമെന്നാവശ്യപ്പെട്ട് ബൂത്തിൽ വലിയ ബഹളം നടന്നു.
എന്നാൽ വോട്ടിംഗ് യന്ത്രത്തിന് തകരാറില്ലെന്നാണ് തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി പറയുന്നത്. ബട്ടൺ അമരാത്തതായിരുന്നു പ്രശ്നമെന്ന് കളക്ടർ പറയുന്നു.
യുഡിഎഫും എൽഡിഎഫും ശക്തമായ പ്രതിഷേധമാണ് ഇവിടെ നടത്തുന്നത്. രാജ്യമൊട്ടാകെ വോട്ടിംഗ് യന്ത്രത്തിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് വിവാദങ്ങളുയരുമ്പോഴാണ് കേരളത്തിൽ ആദ്യമായി ഇത്തരമൊരു ഗുരുതരമായ പിഴവ് കണ്ടെത്തുന്നത്. ഇങ്ങനെയൊരു പാകപ്പിഴ ഉണ്ടായത് കണ്ടെത്താനും വൈകി എന്നത് വീഴ്‍ചയുടെ ഗൗരവം കൂട്ടുന്നു.