കോട്ടയം: കേരളകോൺഗ്രസിനെ ആര് നയിക്കുമെന്ന നിർണ്ണായക തീരുമാനത്തിന് തെരഞ്ഞെടുപ്പ് കഴിയും വരും കാത്തിരിക്കേണ്ടി വരും. അതുവരെ പാർട്ടിയുടെ ചുമതലകൾ വർക്കിംഗ് ചെയർമാനും ഡെപ്യൂട്ടി ചെയർമാനും വഹിക്കും. കെ എം മാണിയുടെ നിര്യാണത്തോടെ ചെയർമാൻ, നിയമസഭാകക്ഷിനേതൃസ്ഥാനം എന്നിവ ആര്‍ക്കൊക്കെയാണെന്ന രണ്ട് നിർണ്ണായക തീരുമാനങ്ങളാണ് കേരളകോൺഗ്രസ് എം ഉടൻ എടുക്കേണ്ടത്.
പാലായിൽ ആര് സ്ഥാനാർത്ഥിയാകുമെന്നത് ഇപ്പോൾ തീരുമാനമെടുക്കേണ്ട വിഷയമല്ല. പി ജെ ജോസഫാണ് പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ.
ചെയർമാനില്ലാത്ത സമയത്ത് വർക്കിംഗ് ചെയർമാനാണ് അധ്യക്ഷൻ. സി എഫ് തോമസ് ഡെപ്യൂട്ടി ചെയർമാനും ജോസ് കെ മാണി വൈസ് ചെയർമാനുമാണ്. തെരഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കുന്നതിനാൽ ഈ ഘടനയിൽ ഒരു മാറ്റം ഇപ്പോൾ വേണ്ടെന്നാണ് നേതാക്കൾക്കിടയിലെ ധാരണ.
തെരഞ്ഞെടുപ്പ് ശേഷം മാത്രമേ പാർട്ടി കമ്മിറ്റി പോലും ചേരൂ. പലപ്പോഴും ചെയർമാൻ സ്ഥാനം കേരളകോൺഗ്രസിന് കീറാമുട്ടിയായിട്ടുണ്ട്.
എന്നാൽ കേരളകോൺഗ്രസ് എമ്മിന് ഒരു നേതാവ് മാത്രമാണുണ്ടായിരുന്നത്. പാർട്ടി ചെയർമാനും നിയമസഭാകക്ഷി നേതാവും ഒരാളായിരുന്നു. ഇനിയും അങ്ങനെയായിരിക്കുമോ എന്നതാണ് അറിയേണ്ടത്.