ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ വന്‍ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ വന്‍അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ടു. നടപടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധപ്രകാരമാണ് പുതിയ നീക്കമെന്നാണ് സൂചന. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് ഈ നിര്‍ദേശം നല്‍കിയത്.
11 നിയമസഭാ സീറ്റുകളിലേക്ക് ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുകയാണ്. എംഎല്‍എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ച് ജയിച്ച മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഈ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ടംഗങ്ങള്‍ വീതമുള്ള സമിതിയെയും നിയമിച്ചിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഏതൊക്കെ തലങ്ങളിലാണ് വീഴ്ചയുണ്ടായത് എന്ന് വിശദമായി വിലയിരുത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. അജയ് കുമാര്‍ ലല്ലുവിനെയാണ് യുപിയില്‍ പാര്‍ട്ടി പുനഃസംഘടനയ്ക്കായി നിയോഗിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ നിയമസഭാ കക്ഷിനേതാവാണ് അജയ് കുമാര്‍ ലല്ലു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുരുതരമായ അച്ചടക്കലംഘനമുണ്ടായെന്നതുള്‍പ്പെടെയുള്ള എല്ലാ പരാതികളും പരിഗണിക്കാന്‍ ഒരു മൂന്നംഗസമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
യുവാക്കളെ ഉള്‍പ്പെടുത്തി പുതിയ സമിതികള്‍ രൂപീകരിക്കണമെന്ന പദ്ധതിയാണ് പ്രിയങ്കാ ഗാന്ധി മുന്നോട്ടു വയ്ക്കുന്ന ആശയം. പുതിയ ജില്ലാ സമിതികളില്‍ 50 ശതമാനം പേരും 40 വയസില്‍ താഴെയുള്ളവരായിരിക്കണമെന്നും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കണമെന്നുമാണ് പ്രിയങ്കയുടെ നിര്‍ദേശം.