ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. രണ്ടര മാസം നീണ്ട ഉറക്കമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്നു വൈകിട്ട് ആറിനു ചെങ്ങന്നൂര്‍ നഗരത്തില്‍ പരസ്യ പ്രചാരണം അവസാനിക്കും. നാളെ ശബ്ദഘോഷങ്ങളില്ലാതെ നിശബ്ദപ്രചാരണം. വികസനമായിരുന്നു മണ്ഡലത്തില്‍ ആദ്യം ഉയര്‍ന്നു കേട്ട മുഖ്യവിഷയം. അന്തരിച്ച മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍നായരുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച എന്ന മുദ്രാവാക്യവുമായി ഇടതുമുന്നണി സിപിഎം ജില്ലാ സെക്രട്ടറിയെ തന്നെ കളത്തിലിറക്കി.
ഉപതിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ ചുവടുപിടിച്ചാവും ഇനിയേറെക്കാലം സംസ്ഥാന രാഷ്ട്രീയം മുന്നോട്ടു പോവുക. കേരളരാഷ്ട്രീയം ഉറ്റുനോക്കുന്ന ജനങ്ങളുടെ വിധിയെഴുത്ത് 28 തിങ്കളാഴ്ച നടക്കും. ഫലപ്രഖ്യാപനം 31നാണ്. അഭിമാന പോരാട്ടമായതു കൊണ്ടു തന്നെ മൂന്നു മുന്നണികളുടെയും സംസ്ഥാന നേതൃത്വങ്ങള്‍ ചെങ്ങന്നൂരില്‍ ക്യാമ്പ് ചെയ്താണ് പ്രചാരണം നയിച്ചത്. ഇടതുമുന്നണിക്കായി വിഎസും പിണറായിയും ഇറങ്ങിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേരിട്ടുളള മേല്‍നോട്ടത്തിലാണ് യുഡിഎഫ് പ്രചാരണം പൂര്‍ത്തിയാക്കുന്നത്. അവസാന റൗണ്ടില്‍ എകെ ആന്റണിയും വന്നു.
കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവും ബിജെപിക്കായി കളത്തിലിറങ്ങി. പ്രചാരണം തുടങ്ങുമ്പോള്‍ യുഡിഎഫിനോട് ഇടഞ്ഞു നിന്നിരുന്ന മാണിയും, എന്‍ഡിഎയോട് ഇടഞ്ഞു നിന്നിരുന്ന ബിഡിജെഎസും സ്വന്തം പാളയങ്ങള്‍ക്ക് തന്നെ പിന്തുണ പ്രഖ്യാപിച്ചു. നിലനില്‍പ്പിന്റെ പോരാട്ടമാണ് ചെങ്ങന്നൂരിലേതെന്ന് തിരിച്ചറിഞ്ഞ ഐക്യമുന്നണിയാകട്ടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് പോലും അവധി കൊടുത്താണ് ഡി വിജയകുമാറിന് ടിക്കറ്റ് നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തില്‍ ബിജെപി ശ്രീധരന്‍പിളളയെ ഒരിക്കല്‍ കൂടി ഇറക്കുകയായിരുന്നു.