കോട്ടയം: യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരാണെന്ന കാര്യത്തില്‍ അന്തിമ വിധി തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തതിനെതിരേയുള്ള സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജോസ്.കെ. മാണി സമര്‍പ്പിച്ച അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളിയതിന് പിന്നാലെ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ നേരിട്ട തിരിച്ചടിയില്‍ ആശങ്കയില്ലെന്നും പാര്‍ട്ടി ചിഹ്നം നല്‍കേണ്ടത് ആര്‍ക്കാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കുമെന്നും ജോസ്.കെ.മാണി പറഞ്ഞു. പാര്‍ട്ടി ഭരണഘടനയനുസരിച്ച് ചെയര്‍മാന്റെ അധ്യക്ഷതയിലാണ് സംസ്ഥാനകമ്മിറ്റി വിളിച്ച് ചേര്‍ക്കേണ്ടത്. എന്നാല്‍ ചെയര്‍മാന്റെ നടപടികള്‍ മരവിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹംപറഞ്ഞു.അപ്പീല്‍ തള്ളിയ വിധിയില്‍ ആശങ്കയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.
