ദില്ലി: മുൻ എംപിയും പ്രശസ്ത സിനിമാ താരവുമായ ജയപ്രദ ബിജെപിയിൽ ചേർന്നു. സമാജ്‍വാദിയിൽ പാർട്ടിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന ജയപ്രദ പാർട്ടി നേതാവ് അസംഖാനുമായുള്ള പ്രശ്നങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്ത് വന്നതായിരുന്നു.
ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാർട്ടിയിലൂടെയായിരുന്നു ജയപ്രദയുടെ രാഷ്ട്രീയ പ്രവേശം. ചന്ദ്രബാബു നായിഡുവിന്‍റെ വിശ്വസ്തയായി മാറിയ ജയപ്രദ ആന്ധ്രയിൽ നിന്ന് രാജ്യസഭയിലുമെത്തി. ഒരു ഘട്ടത്തിൽ തെലുങ്ക് മഹിളാ സംഘടനയുടെ അധ്യക്ഷ പദവി വരെ വഹിച്ചിരുന്നു.
പിന്നീട് സമാജ്‍വാദി പാർട്ടിയിൽ ചേർന്ന ജയപ്രദ യുപിയിലെ രാംപുരിൽ നിന്ന് രണ്ട് തവണ ലോക്സഭാംഗമായി. 2004ലിലും 2009 ലും ആയിരുന്നു ഈ തെരഞ്ഞെടുപ്പ് വിജയങ്ങൾ. ഇതിന് പിന്നാലെയായിരുന്നും അസംഖാൻ വിവാദം. 2014 ൽ ബിജ്നോർ മണ്ഡലത്തിൽ നിന്ന് വീണ്ടും ലോക്സഭയിലേക്ക് മത്സരിച്ച ജയപ്രദ പക്ഷേ പരാജയപ്പെട്ടു. ഇത്തവണ ബിജെപി ടിക്കറ്റിൽ രാംപുരിൽ നിന്ന് ജയപ്രദ ലോക്സഭയിലേക്ക് മത്സരിക്കാനാണ് സാധ്യത.