ന്യൂഡല്‍ഹി: പ്രാദേശിക രാഷ്ട്രീയത്തിലെ ഒറ്റയാന്‍മാര്‍ എന്നു വിശേഷിപ്പിക്കാവുന്ന ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക്കിനും തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡുവിനും നിയമസഭാ തെരഞ്ഞെടുപ്പു ഫലം ഏറെ നിര്‍ണായകം .രണ്ടു പേരും തോല്‍വി ഭീഷണി നേരിടുകയും ചെയ്യുന്നു .
ഒരു മുന്നണികളോടും അടുക്കാതെ തരാതരം പോലെ എല്ലാവരെയും ഉപയോഗിച്ച് ഒറീസ കാലങ്ങളായി ഒറ്റക്ക് ഭരിച്ചു പോന്ന നവീന്‍ പട്‌നായിക്ക് ഇക്കുറി എന്‍ ഡി എയില്‍ നിന്ന് കടുത്ത ഭീഷണി നേരിടുന്നു .രൂക്ഷമായ ഭരണവിരുദ്ധ വികാരവും ശക്തമായ എതിര്‍ പക്ഷവും പട്‌നായിക്കിന് വെല്ലുവിളിയാണ് .എന്നാല്‍ തന്റെ ജനപ്രീതിയില്‍ മുമ്പും പ്രതിസന്ധികളെ അതിജീവിച്ചിട്ടുള്ള നവീന്‍ പട്‌നായിക്ക് ഒറീസയില്‍ മേധാവിത്തം നില നിര്‍ത്തിയാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതൊരു റെക്കോഡും എന്‍ ഡി എക്ക് തിരിച്ചടിയുമാവും .നിയമസഭയിലേക്കും ലോക് സഭയിലേക്കും ബിജു ജനതാദള്‍ മേല്‍ക്കൈ നേടിയാല്‍ എന്‍ ഡി എ യുടെ ഭൂരിപക്ഷ സാധ്യതയെയും അത് ബാധിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രാപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കപ്പെട്ടിരിക്കുന്നത് .അങ്ങിനെ സംഭവിച്ചാല്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിനായി ഓടി നടക്കുന്ന ചന്ദ്രബാബു നായിഡുവിന് രാഷ്ട്രീയമായ നിലനില്‍പ്പുതന്നെ ബുദ്ധിമുട്ടാകും