മരട്: നേതാക്കളുടെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തക പോലീസ് സംരക്ഷണം തേടി. കാശ്മീരിലെ കഠ്വയില്‍ എട്ടുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ വാദപ്രതിവാദങ്ങളുടെ പേരിലാണ് ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തിയത്.
ഏതുസമയവും ആക്രമണത്തിന് സാധ്യതയുള്ളതായാണ് ബിജെപി പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്. കശ്മീര്‍ പെണ്‍കുട്ടി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ആര്‍എസ്‌എസ് നേതാവും അന്താരാഷ്ട്ര പുസ്തകോത്സവസമിതി സംഘാടകനുമായ നന്ദകുമാറിന്റെ മകന്‍ വിഷ്ണു നടത്തിയ പരാമര്‍ശം മലയാളിസമൂഹത്തിനാകെ നാണക്കേടുണ്ടാക്കിയിരുന്നു. ഇതുസംബന്ധിച്ച വാദപ്രതിവാദങ്ങളാണ് ബിജെപി നേതാക്കളെ പ്രകോപിപ്പിച്ചത്.
വാട്‌സ് ആപ് ഗ്രൂപ്പിലെ വാര്‍ത്തയില്‍ വനിതാ പ്രവര്‍ത്തകയുടെ സഹോദരനെ അനാവശ്യമായി ബന്ധപ്പെടുത്തിയതിനെ ചോദ്യംചെയ്തപ്പോള്‍, പാര്‍ട്ടി പ്രതികരിച്ചിരുന്നെങ്കില്‍ സഹോദരന്‍ ഇപ്പോള്‍ വികലാംഗനായി നടന്നേനേയെന്നും ഇതിനെല്ലാം ഉള്ള സംവിധാനം പാര്‍ട്ടിക്കുണ്ടെന്നും ബിജെപി നേതാക്കള്‍ വെളിപ്പെടുത്തിയതിന്റെ തെളിവുകള്‍ സഹിതമാണ് ബിജെപി പ്രവര്‍ത്തക സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.