തിരുവനന്തപുരം: നേമത്ത് കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതായാണ് വിവരം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്മാറിയ സാഹചര്യത്തില്‍ നേമത്ത് മുരളീധരന് വഴിയൊരുങ്ങിയിരിക്കുകയാണ്.
ചര്‍ച്ചകള്‍ക്കും ഏറെ നാളത്തെ കാത്തിരിപ്പിനും ഒടുവില്‍ നേമത്തെ കരുത്തന്‍ കെ മുരളീധരനാണെന്ന് സൂചന ലഭിച്ചതോടെ കോണ്‍ഗ്രസ് യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തില്‍. ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പ് തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുള്ള ആവശേവും അണികള്‍ക്കിടയില്‍ പ്രകടമാണ്. ബൂത്ത് കമ്മിറ്റികള്‍ സജീവമായെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. കെ മുരളീധരന്റെ വ്യക്തി പ്രഭാവവും സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ സംഘടനാ രംഗത്ത് ഉണ്ടാകുന്ന ഉണര്‍വും നേട്ടമാകുമെന്നാണ് പ്രതീക്ഷ.
ഇടത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വി ശിവന്‍കുട്ടി ഇതിനകം തന്നെ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. 2016 ല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ആദ്യ നിയമസഭാ സീറ്റ് പിടിച്ച് ചരിത്രം സൃഷ്ടിച്ച ബിജെപിയാകട്ടെ കുമ്മനം രാജശേഖരനിലൂടെ മണ്ഡലം എന്ത് വിലകൊടുത്തും നിലനിര്‍ത്താനുള്ള പരിശ്രമത്തിലുമാണ്. കെ മുരളീധരന്‍ കൂടി നേമത്ത് സ്ഥാനാര്‍ത്ഥിയായി എത്തുന്നതിലൂടെ കടുത്ത ത്രികോണ മത്സരത്തിന് മാത്രമല്ല രാഷ്ട്രീയ കേരളം ഏറ്റവും അധികം ആകാംക്ഷയോടെ ഉറ്റു നോക്കുന്ന മണ്ഡലം കൂടിയായി നേമം മാറുകയാണ്.
നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്നത് നേരത്തെ തന്നെ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ മുരളീധരനെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ഇതോടെ പുതുപ്പള്ളിയില്‍ തന്നെ ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്ന കാര്യവും ഉറപ്പായി. രണ്ട് സീറ്റില്‍ മത്സരിക്കാന്‍ താനില്ലെന്നും പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
എംപിമാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ബിജെപിയുടെ കൈവശമുള്ള നേമം പിടിച്ചെടുക്കാനായി കരുത്തന്‍ തന്നെ രംഗത്ത് എത്തണമെന്ന നിര്‍ബന്ധമാണ് മുരളീധരനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ എത്തുന്നത്. നേരത്തെ ഏത് വെല്ലുവിളിയും ഏറ്റെടുത്ത് നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.