തിരുവനന്തപുരം: ഇനി പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ വിലക്ക്. സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നതിന് പിന്നാലെ, പട്ടികയില്‍ അതൃപ്തിയുമായി പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളടക്കം രംഗത്തുവന്നതാണ് ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലാക്കിയത്. നിര്‍ദേശം ലംഘിച്ചാല്‍ സംസ്ഥാനതല അച്ചടക്കസമിതി തീരുമാനമെടുക്കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹൈക്കമാന്‍ഡിനെ അടക്കം വിമര്‍ശിച്ചുള്ള കെ. സുധാകരന്റെ കടന്നാക്രമണം ഭരണം തിരിച്ച് പിടിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ്സിനെ കടുത്ത വെട്ടിലാക്കിയിരുന്നു. പട്ടിക വന്നതോടെ തനിക്കിനി യാതൊരു പ്രതീക്ഷയുമില്ലെന്നും മൊത്തം പട്ടിക ഗ്രൂപ്പുകള്‍ ഇഷ്ടക്കാരെ കുത്തിനിറച്ചതാണെന്നുമാണ് കെ സുധാകരന്‍ തുറന്നടിച്ചത്. ഹൈക്കമാന്‍ഡെന്നാല്‍ ഇപ്പോള്‍ സോണിയാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ അല്ല, കെ സി വേണുഗോപാലാണെന്ന തുറന്നുപറച്ചിലും കോണ്‍ഗ്രസ് നേതൃത്വത്തിന് ആഘാതമായി. കെ സി വേണുഗോപാലിന്റെ ഇടപെടലിനെതിരായ സുധാകരന്റെ അതൃപ്തി ഗ്രൂപ്പിന് അതീതമായി സംസ്ഥാനത്തെ പല നേതാക്കള്‍ക്കുമുണ്ട്.
അതേസമയം, അവസാനലാപ്പിലോടുമ്പോള്‍ തമ്മിലടി പാര്‍ട്ടിയെ ഗുരുതരമായി ബാധിക്കുമോ എന്ന പേടിയിലാണ് കോണ്‍ഗ്രസ് നേതൃത്വം.