ബംഗളൂരു: പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ബിജെപി എംഎല്‍എമാരില്‍ നിന്നെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്സ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബേഠി ബചാവോ, ബേഠി പഠാവോ എന്ന ബി ജെ പിയുടെ മുദ്രാവാക്യം മാറ്റി വിളിക്കാന്‍ സമയമായെന്നും രാഹുല്‍ പറഞ്ഞു. അതേസമയം താന്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഫോട്ടോസ്റ്റാറ്റാണ്, ബി ജെ പിയുടെ പ്രകടന പത്രികയെന്നും, കോണ്‍ഗ്രസ് ഇന്ദിരാ കാന്റീന്‍ അവതരിപ്പിച്ചപ്പോള്‍ അന്നപൂര്‍ണ കാന്റീനുമായാണ് ബിജെപി വരുന്നതെന്നും, മുഖ്യമന്ത്രി സിദ്ധരാമയ്യയും പരിഹസിച്ചു. കര്‍ഷകക്ഷേമ പദ്ധതികളുമായി വോട്ടുവാരിക്കൂട്ടാന്‍ ലക്ഷ്യമിട്ട് ബി ജെ പി യും ബിജെപിയുടെ വാഗ്ദാനങ്ങള്‍ കോപ്പിയടിയാണെന്ന് കോണ്‍ഗ്രസ്സും രംഗത്തിറങ്ങിയതോടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് പ്രചാരണരംഗം സാക്ഷ്യം വഹിക്കുന്നത്.
പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ മുദ്രവാക്യം ബേഠി ബചാവോ, ബേഠി പഠാവോ മാറ്റി, ബി ജെ പി എം എല്‍ എമാരില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കൂ എന്നര്‍ത്ഥമുള്ള 'ബേഠി ബചാവോ ബിജെപി എംഎല്‍എ സെ'എന്നു ചൊല്ലണമെന്നായിരുന്നു രാഹുലിന്റെ പരിഹാസം. കര്‍ണാടകയിലെ കലബുറഗിയില്‍ നടന്ന പ്രചാരണ റാലിയില്‍ ഉന്നാവ് പീഡനം പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം . ബി ജെ പി പ്രകടന പത്രികയില്‍ വോട്ടര്‍മാര്‍ക്ക് പുതുതായി ഒന്നും നല്‍കാനില്ലെന്നും തീര്‍ത്തും നിലവാരമില്ലാത്ത സങ്കല്‍പങ്ങളാണ് പത്രികയില്ലെന്നും രാഹുല്‍ പറഞ്ഞു.