കോല്‍ക്കത്ത: ബിജെപി ചരിത്രത്തെ വളച്ചൊടിച്ച് വര്‍ഗീയ വിഭജനം നടത്താന്‍ ശ്രമിക്കുകയാണെന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യന്‍ ചരിത്രവും സംസ്കാരവും വിഭാഗിയതയോ മതഭ്രാന്തിനെയോ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു.മതേതര ചരിത്രത്തെ വികൃതമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മഹാത്മാഗാന്ധിയുടെ തത്വങ്ങള്‍ മറന്നുപോകരുത്. മത ലഹള അവസാനിപ്പിക്കാന്‍ ഗാന്ധി കോല്‍ക്കത്തയിലെ ബലേഘട്ടയില് നിരാഹാരം അനുഷ്ഠിച്ചു.
ഗാന്ധിയുടെ സമര ചരിത്രം പിന്തുടരണമെന്നും മമത പറഞ്ഞു.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ജാതിയുടേയും വിശ്വാസത്തിന്റെയും വംശത്തിന്റെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ആസാമില്‍നിന്ന് ബംഗാളികളെയും ഗുജറാത്തില്‍നിന്ന് ബിഹാറികളെയും അവര്‍ പുറത്താക്കുന്നു. എല്ലാവരെയും തുല്യരായി കാണാനാണ് ഭരണഘടന നമ്മെ പഠിപ്പിക്കുന്നത്. ജാതിയുടേയും മതത്തിന്റെയും പേരില്‍ ആളുകളെ വേര്‍തിരിക്കരുതെന്നും മമത ആവശ്യപ്പെട്ടു.