തിരുനെല്‍വേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രൂക്ഷവിമര്‍ശനം തുടര്‍ന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'ഇതിനേക്കാള്‍ വലിയ ശത്രുവിനെ നമ്മള്‍ തോല്‍പ്പിച്ചിട്ടുണ്ട്. സ്നേഹത്തിന്റെയും അക്രമരാഹിത്യത്തിന്റെയും പാതയിലുടെ നാം മുന്നേറും'- സെന്റ് സേവ്യേഴ്സ് കോളജില്‍ വിദ്യാഭ്യാസ വിദഗ്ധരുമായുള്ള ചര്‍ച്ചയില്‍ രാഹുല്‍ പറഞ്ഞു.
'പണത്തിലും എതിരാളികളെ നിര്‍വീര്യമാക്കുന്നതിലും പ്രബലനായ ശത്രുവിനെതിരേയാണു നാം പോരാടുന്നത്. സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാര്‍ക്കു മോദിയേക്കാള്‍ ശക്തിയുണ്ടായിരുന്നു. ഈ രാജ്യത്തെ ജനത ബ്രിട്ടീഷുകാരെ മടക്കയയച്ചപോലെ നാം നരേന്ദ്ര മോദിയെയും മടക്കിയയ്ക്കും'- അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ അടക്കമുള്ള നടപടികളിലൂടെ പാവങ്ങളുടെ സമ്പത്ത് സര്‍ക്കാര്‍ പിടിച്ചെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.