ഭോപ്പാല്‍: കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്ന ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് ബിജെപി കത്തുനല്‍കി. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് നല്‍കിയ കത്തില്‍ ബിജെപി ആവശ്യപ്പെട്ടു.
ബിജെപി നടപടിയില്‍ പ്രതികരണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും രംഗത്ത്. അഞ്ചുമാസത്തിനിടെ നാലുതവണയെങ്കിലും ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് വീണ്ടും ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. ഞങ്ങള്‍ക്ക് പ്രശ്മനമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യ ദിവസംമുതല്‍ ബിജെപി ശല്യം ചെയ്യുകയാണെന്നും അവര്‍ തുറന്നുകാട്ടപ്പെടുന്നത് തടയാന്‍ വേണ്ടി സര്‍ക്കാരിനെ ശല്യപ്പെടുത്തുകയാണെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായ 15വര്‍ഷത്തെ ബിജെപി ഭരണത്തിന് അവസാനം കുറിച്ചാണ് കഴിഞ്ഞവര്‍ഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍, ബിഎസ്പി, എസ്പി എന്നി പാര്‍ട്ടികളുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുന്നത്. എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഭരണം തിരിച്ചുപിടിക്കാന്‍ ബിജെപി അണിയറയില്‍ നീക്കങ്ങള്‍ സജീവമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
230 അംഗങ്ങളുളള മധ്യപ്രദേശ് നിയമസഭയില്‍ 116 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളാണുളളത്. ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒന്നും നാലു സ്വതന്ത്രരുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് സംസ്ഥാനം ഭരിക്കുന്നത്. ബിജെപിക്ക് 109 അംഗങ്ങളാണുളളത്.