ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ആരുമായും മുഖ്യമന്ത്രിപദം പങ്കുവയ്ക്കാനില്ലെന്ന് അമിത് ഷാ. ദേവേന്ദ്ര ഫഡ്‌നാവിസിനെ മുന്‍ നിര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അദേഹം തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. മുഖ്യമന്ത്രിപദം പങ്കിടണമെന്നുള്ള ശിവസേനയുടെ ആവശ്യം പാര്‍ട്ടിക്ക് സ്വീകാര്യമല്ലാത്ത കാര്യമാണ്.
തിരഞ്ഞെടുപ്പിന് മുമ്പ് നിരവധി തവണ താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണ പരിപാടികളിലെല്ലാം ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ് പ്രസ്താവിച്ചത് . അന്ന് ഒരാളും എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോള്‍ അവര്‍ പുതിയൊരു കാര്യവുമായി രംഗത്തെത്തിയിരിക്കുകയാണ്. മുന്‍പ് എതിര്‍ക്കാതിരുന്ന ശിവസേന ഇപ്പോള്‍ നിലപാട് മാറ്റി. ആരുടെയും പുറകെ നടന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനില്ലെന്നും അദേഹം പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ എല്ലാവര്‍ക്കും ആവശ്യത്തിന് സമയം നല്‍കിയതിന് അതിനുശേഷമാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതെന്നും അമിത് ഷാ പറഞ്ഞു.