മുംബൈ: രാഷ്ട്രീയ നാടകങ്ങള്‍ അവസാനിച് രാഷ്ട്രപതി ഭരണത്തിലേക്ക് പോയെങ്കിലും മഹാരാഷ്ട്രയില്‍ ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തി. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം ശിവസേനയും എന്‍സിപിയും പങ്കിടും , ഉപമുഖ്യമന്ത്രിസ്ഥാനം അഞ്ച് വര്‍ഷവും കോണ്‍ഗ്രസിന് എന്നുള്ള പുതിയ ധാരണയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രുപീകരിക്കുക എന്നതാണ് പൊതുധാരണ. ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ മൂന്ന് പാര്‍ട്ടികള്‍ക്കുമായി തുല്യമായി പങ്കിടും. സ്പീക്കര്‍ സ്ഥാനം ഏത് പാര്‍ട്ടിക്ക് എന്നുള്ളതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. സഖ്യസര്‍ക്കാര്‍ സംബന്ധിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. അഹമ്മദ് പട്ടേലാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചര്‍ച്ചകള്‍ നടത്തുന്നത്. ചൊവ്വാഴ്ച രാത്രി മുംബൈയിലെത്തി പട്ടേല്‍ ഉദ്ധവ് താക്കറേയുമായി ചര്‍ച്ചനടത്തി.