കൊല്‍ക്കത്ത: വാജ്പേയി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ബിജെപി മുന്‍നേതാവും നരേന്ദ്രമോഡിയുടെ ശക്തനായ വിമര്‍ശകനുമായ യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് യശ്വന്ത് സിന്‍ഹ എതിര്‍ ചേരിയില്‍ എത്തിയത്. 83 കാരനായ യശ്വന്ത് സിന്‍ഹ 2018 മുതല്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.
സ്വന്തം പാര്‍ട്ടിയില്‍ നിന്നും അനേകം നേതാക്കള്‍ എതിര്‍ചേരിയിലേക്ക് ഒഴുകുന്ന സാഹചര്യത്തില്‍ മമതാ ബാനര്‍ജിക്ക് കിട്ടിയ വലിയ നേട്ടമായി യശ്വന്ത് സിന്‍ഹയുടെ വരവ്. കൊല്‍ക്കത്തയിലെ തൃണമൂല്‍ ഭവനില്‍ എത്തി ഡെറിക് ഒബ്രയാന്‍, സുദീപ് ബന്ധോപാദ്ധ്യായ, സുബ്രതോ മുഖര്‍ജി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സിന്‍ഹ തൃണമൂലില്‍ ചേര്‍ന്നത്. 1960 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സിന്‍ഹ 1984 ലാണ് രാഷ്ട്രീയത്തില്‍ അരങ്ങേറിയത്. ജനതാപാര്‍ട്ടിയില്‍ അംഗമായിരുന്ന അദ്ദേഹം പിന്നീട് ബിജെപിയില്‍ ചേര്‍ന്നു.
1990 ല്‍ ആദ്യമായി കേന്ദ്ര ധനകാര്യമന്ത്രിയായി. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായ കാലത്ത് 1991 ജൂണ്‍ വരെയാണ് പ്രവര്‍ത്തിച്ചത്. 1998 മുതല്‍ 2002 വരെയുള്ള രണ്ടാം ഘട്ടത്തിലാണ് വാജ്പേയി മന്ത്രിസഭയില്‍ അംഗമായത്. 2004 മെയ് മുതല്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രിയായി. അതേസമയം അദ്ദേഹത്തിന്റെ മകന്‍ ജയന്ത് സിന്‍ഹ ബിജെപിയുടെ പാര്‍ലമെന്റംഗമായി തുടരുകയാണ്. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്നുമാണ് പാര്‍ലമെന്റില്‍ എത്തിയത്.