ബുലന്ദ്ഷേര്‍: മുസ്ലീം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷേറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മുസ്ലീം ലീഗ് ഒരു വൈറസാണ്. ഈ വൈറസിനാല്‍ ഒരിക്കല്‍ നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടതാണ്. ഇപ്പോള്‍ കോണ്‍ഗ്രസിന് ഈ വൈറസ് ഏറ്റിട്ടുണ്ട്. അതിനാല്‍ എല്ലാവരും സൂക്ഷിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ പടരുമെന്നും യോഗി പറഞ്ഞു.
അമേഠിയില്‍ പരാജയം ഉറപ്പായത് കൊണ്ടാണ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയതെന്നും അവിടെ മുസ്ലീം ലീഗാണ് രാഹുലിന് പിന്തുണ നല്‍കുന്നതെന്നും യോഗി ആരോപിച്ചു.
വയനാട് സീറ്റില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത് മുതല്‍ ഈ വിഷയം ഉത്തരേന്ത്യയില്‍ ബിജെപി പ്രചാരണവിഷയമായി ഉപയോഗിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ മണ്ഡലത്തിലാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്നും ഹിന്ദുക്കളില്‍ നിന്നും രാഹുല്‍ ഒളിച്ചോടുകയാണെന്നും നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതിനു തുടര്‍ച്ചയായാണ് യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.
രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ കണ്ട മുസ്ലീം ലീഗിന്‍റെ കൊടി പാകിസ്ഥാന്‍ പതാകയാണെന്ന തരത്തില്‍ നേരത്തെ ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും വ്യാപകപ്രചാരണം നടന്നിരുന്നു.