ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിനെ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ ശ്രമങ്ങള്‍ക്ക് തുടക്കത്തിലെ തിരിച്ചടി കിട്ടി. പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനായി യോഗം വിളിച്ച പ്രിയങ്കയെ നേതാക്കള്‍ ബഹിഷ്‌കരിച്ചതോടെയാണ് പാര്‍ട്ടിയിലെ പൊട്ടിത്തെറി പുറത്തറിഞ്ഞത്. എംപി, എംഎല്‍എ, എംഎല്‍സിമാരുടെ യോഗത്തിലേക്ക് 350 പേരെ ക്ഷണിച്ചെങ്കിലും പങ്കെടുത്തത് നാല്‍പ്പത് പേര്‍. യുപി കോണ്‍ഗ്രസ്സിലെ പടലപ്പിണക്കത്തിലേക്കാണിത് വിരല്‍ചൂണ്ടുന്നത്.
യുപിസിസി നേതൃനിരയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി യുവാക്കളെ പ്രതിഷ്ഠിച്ച പ്രിയങ്കയുടെ നടപടി മൂലമാണ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്. പുതിയ നേതൃനിരയില്‍ അതൃപ്തിയുള്ള നേതാക്കള്‍ വിഷയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയയെ ധരിപ്പിക്കുന്നതിന് മുന്നോടിയായി രണ്ടുവട്ടം പ്രത്യേക യോഗം ചേര്‍ന്നിരുന്നു.