ബംഗളുരു: കര്‍ണാടകയിലെ രാജരാജേശ്വരി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. കോണ്‍ഗ്രസിന്റെ മുനിരത്‌ന 41, 162 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിജെപിയുടെ മുനിരാജു ഗൗഡയെ ആണ് തോല്‍പ്പിച്ചത്. ജെഡിഎസിന്റെ ജിഎച്ച് രാമചന്ദ്ര മൂന്നാം സ്ഥാനത്തായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 1,08,064 ഉം ബിജെപി സ്ഥാനാര്‍ത്ഥി 82,572 ഉം ജെഡിഎസ് സ്ഥാനാര്‍ത്ഥി 60,360 ഉം വോട്ടുകള്‍ സ്വന്തമാക്കി.
മണ്ഡലത്തിലെ ഒരു ഫ്ലാറ്റില്‍ നിന്ന് പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകളും മുനിരത്‌നയുടെ ഫ്ലക്‌സ് ബോര്‍ഡുകളും കണ്ടെടുത്തതിനെ തുടര്‍ന്നു മെയ് 12 ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. കൂടാതെ കോണ്‍ഗ്രസ് വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചതാണെന്ന ആരോപണം ഉയരുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ ആരോപണങ്ങളൊന്നും ഏറ്റില്ലെന്നാണ് ഫലം തെളിയിക്കുന്നത്. ഭരണത്തിലെ സഖ്യകക്ഷിയായ ജെഡിഎസുമായി കൂടി പോരാടിയാണ് കോണ്‍ഗ്രസ് വിജയം നേടിയിരിക്കുന്നത്. വിജയത്തോടെ നിയമസഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം വര്‍ധിച്ചിട്ടുണ്ടെങ്കിലും ഫലത്തില്‍ അത് 78 തന്നെയാണ്.