ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപി തരംഗം അലയടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ പ്രകടനപത്രികയെ കടുത്ത ഭാഷയിൽ വിമർശിച്ച മോദി, സൈന്യത്തോടുള്ള അവരുടെ സമീപനം പാകിസ്ഥാന് തുല്യമെന്നും കൂട്ടിച്ചേർത്തു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമർശം.
ന്യായ് (നീതി) നടപ്പാക്കുമെന്നാണ് കോൺഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം. അപ്പോൾ അധികാരത്തിലിരുന്ന 60 വർഷക്കാലം അവർ ജനങ്ങളോട് നീതി ചെയ്‌തിട്ടില്ലെന്ന് തുറന്നു സമ്മതിക്കുകയാണ്.
'അവരുടെ മുഖ്യതെരഞ്ഞെടുപ്പ് മുദ്രാവാക്യം ഇനി നീതി ലഭിക്കും എന്നതാണ്. ഇതിലൂടെ 60 വർഷത്തെ ഭരണകാലത്ത് നീതി ചെയ്തില്ലെന്ന് അവർ അറിഞ്ഞോ അറിയാതെയോ സമ്മതിക്കുകയാണ്' മോദി പറഞ്ഞു.
രാജ്യത്തെ വിവിധ വിഭാഗങ്ങൾ കോൺഗ്രസിന്റെ ചെയ്തികളിൽ നിന്ന് മോചനം പ്രതീക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അംബേദ്കർ, സുഭാഷ് ചന്ദ്ര ബോസ്, സർദാർ പട്ടേൽ എന്നിവർക്ക് ചരിത്രത്തിൽ സ്ഥാനം നിഷേധിച്ചത് കോൺഗ്രസാണെന്നും മോദി കുറ്റപ്പെടുത്തി. 'നീതി വേണമെന്ന ആവശ്യം രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നു ഉയരുകയാണ്. പക്ഷേ കോൺഗ്രസിന് നീതി നൽകാനാകില്ല' പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.