തിരുവനന്തപുരം: രാമായണമാസാചരണം സംഘടിപ്പിക്കാനൊരുങ്ങി സി.പി.എം. രാമായണമാസാചരണത്തോട് അനുബന്ധിച്ച് രാമായണത്തിന്റെ സാമൂഹിക പശ്ചാത്തലം വിശദീകരിക്കുന്ന സെമിനാറുകളും പ്രഭാഷണങ്ങളും നടത്തുവാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. രാമായണ പാരായണത്തിനൊപ്പം ഇതിഹാസത്തിന്റെ സാമൂഹിക പശ്ചാത്തലം വിശദീകരിക്കുന്ന സെമിനാറുകളും പ്രഭാഷണങ്ങളും ഉണ്ടാകുന്നതാണ്. ഈ മാസം 25ന് സംസ്ഥാനതല സെമിനാറും തുടര്‍ന്ന് എല്ലാ ജില്ലകളിലും പ്രഭാഷണങ്ങളും ചര്‍ച്ചകളും നടത്തുകയും ചെയ്യും.
ഇതിനു മുമ്പ് അഷ്ടമിരോഹിണി ദിനത്തില്‍ ശോഭായാത്രയും സിപിഎം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ആദ്യമായാണ് രാമായണമാസാചരണത്തിലേക്ക് കടക്കുന്നത് . ബി.ജെ.പിയുടെ ക്ഷേത്രങ്ങള്‍ കൈയ്യടക്കാനുള്ള ശ്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ അമ്ബലക്കമ്മറ്റിക്കാരുടെ യോഗവും വിളിക്കാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തി പാര്‍ട്ടി സ്വയം മാറുന്നതിന്റെ തെളിവാണ് രാമായണ മാസാചരണം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സി.പി.എം നേരിട്ടല്ല ഈ ഇടപെടല്‍ നടത്തുന്നത്. പാര്‍ട്ടിയുടെ ഭാഗമായുള്ള സംസ്‌കൃത സംഘത്തിന്റെ നേതൃത്വത്തിലാണ് രാമായണ മാസാചരണം സംഘടിപ്പിക്കുക.