ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. പരാജയം മുന്നില്‍ കണ്ടതു മുതലാണ് കോണ്‍ഗ്രസ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനെ കുറ്റം പറഞ്ഞു തുടങ്ങിയതെന്നും സംസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ പോലും ഡല്‍ഹിയില്‍ പോയി രാഷ്ട്രീയം കളിച്ചയാളുകളാണ് കോണ്‍ഗ്രസിനൊപ്പമുള്ളതെന്നും മോദി കുറ്റപ്പെടുത്തി.
അഴിമതിയുടെ കറപുരളാത്ത ഒരു മന്ത്രിയെങ്കിലും സിദ്ധരാമയ്യ മന്ത്രിസഭയിലുണ്ടോയെന്നു ചോദിച്ച പ്രധാനമന്ത്രി അടിസ്ഥാന തത്ത്വങ്ങള്‍ നഷ്ടപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് വിജയം നേടിക്കൊടുക്കാന്‍ രാഹുലിന് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് കോണ്‍ഗ്രസ് സോണിയ ഗാന്ധിയെ പ്രചരണത്തിനെത്തിക്കുന്നതെന്നു മോദി പരിഹസിച്ചു.