രാഹുല്‍ വയനാടിനെ വെടിയില്ല; അമേഠിയെ കൈവിടില്ല  

171 0

അമേഠിക്കു പുറമേ കേരളത്തിലെ വയനാട്ടില്‍കൂടി മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതോടെ അദ്ദേഹം ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന ചോദ്യം ആ സേതു ഹിമാചലം ശക്തമായി ചോദിച്ചു തുടങ്ങി. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തന്നെ അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയതായി സൂചനകളുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഏത് മണ്ഡലം ഉപേക്ഷിക്കും എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.

അമേഠി തന്റെ കര്‍മ്മ ഭൂമിയാണെന്നും അവിടെ എം.പിയായി തുടരുമെന്നും രാഹുല്‍ ഗാന്ധി മുമ്പു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അമേഠി ഹൃദയബന്ധമുള്ള മണ്ഡലമാണെന്നും അവിടം വിടുക പ്രയാസമാണെന്നും എ.കെ. ആന്റണിയോട് അദ്ദേഹം മുമ്പ് സൂചിപ്പിച്ചിരുന്നതായി എ.കെ. ആന്റണി തന്നെ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. വളരെയേറെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാണ് വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ തീരുമാനിച്ചിരുന്നതെന്നും ആന്റണി ചൂണ്ടിക്കാണിച്ചിരുന്നു.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാവരുമായി ഏതാനും ദിവസം ചര്‍ച്ചകള്‍ നടത്തിയശേഷമാണ് വയനാടിന്റെ കാര്യത്തില്‍ രാഹുല്‍ അന്തിമ തീരുമാനം എടുത്തത്. വയനാട്ടിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗ പ്രവേശം ചെയ്തതോടെ അമേഠി കൈവിടുന്നതിന്റെ സൂചന അദ്ദേഹം മുതിര്‍ന്ന നേതാക്കള്‍ക്കു ഇപ്പോള്‍ നല്‍കിയിട്ടുണ്ടെന്നാണറിവ്. രാഹുല്‍ വയനാട് നിലനിര്‍ത്തി, സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ അമേഠിയില്‍ കളത്തിലിറക്കാനാണ് രാഹുല്‍ ആലോചിക്കുന്നത്. പിന്നോക്കം നില്‍ക്കുന്ന ജില്ലയായ വയനാടിനെ ഇപ്പോള്‍ രാഹുല്‍ ഗാന്ധി സ്നേഹിക്കുന്നു. അമ്മ സോണിയ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലും ഇക്കാര്യം രാഹുല്‍ സൂചിപ്പിക്കുകയും അമ്മ അതിനു പച്ചക്കൊടി കാണിക്കുകയും ചെയ്തിട്ടുണ്ടെന്നാണറിവ്.
എന്തായാലും അമേഠിയും വയനാടും ജയിച്ചു കയറിയാല്‍ ഏത് വേണമെന്നു അന്തിമ തീരുമാനം തക്ക സമയത്തെടുക്കാമെന്നാണ് സോണിയാ ഗാന്ധി പറഞ്ഞത്. വയനാട് നിലനിര്‍ത്തത്തക്ക രീതിയിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. കേന്ദ്രത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ദക്ഷിണേന്ത്യയോട് വിവേചനം കാണിക്കുന്നുവെന്ന കടുത്ത വികാരത്തിന്റെ വെളിച്ചെത്തിലാണ് ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ രാഹുലിനെ പ്രേരിപ്പിച്ചത്. ദക്ഷിണേന്ത്യന്‍ വികാരം കണക്കിലെടുത്ത് രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ ഗുണം ചെയ്യുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. ദക്ഷിണേന്ത്യന്‍ സംസ്‌കാരം, ഭാഷ, വൈവിധ്യം, ജീവതശൈലി എന്നിവ മോദി സര്‍ക്കാരിനു കീഴില്‍ ഭീഷണി നേരിടുകയാണെന്നു രാഹുല്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അസ്തിത്വം സംരക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്ന രാഹുലിന്റെ പ്രഖ്യാപനം കൂടി കൂട്ടിവായിക്കുമ്പോള്‍ വയനാട് അദ്ദേഹം നിലനിര്‍ത്തുമെന്ന സൂചനയാണ് ഉള്ളത്. രാഹുല്‍ ഗാന്ധിയുടെ രണ്ടാം മണ്ഡലമായ വയനാടിനു പുറമേ കോണ്‍ഗ്രസ് നേതൃത്വം പ്രധാനമായി മൂന്നു മണ്ഡലങ്ങളാണു പരിഗണിച്ചത്. കര്‍ണ്ണാടകയിലെ ബീദര്‍, തമിഴ്നാട്ടിലെ ശിവഗംഗ, കന്യാകുമാരി, വയനാട് എന്നീ നാല് മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അന്തിമമായി പരിഗണിച്ചത്.

എ.ഐ.സി.സി അധ്യക്ഷന്‍, നിലവില്‍ അമേഠിയിലെ എം.പി, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും പുത്രന്‍ എന്നീയോഗ്യതയുള്ള രാഹുല്‍ പണ്ഡിറ്റ് ജവഹര്‍ ലാലിന്റെ മകള്‍ ഇന്ദിരയുടെ കൊച്ചുമകനുംകൂടിയാണ്. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ്, ഹാര്‍വാഡ് യൂണിവേഴ്സിറ്റി, റോളിന്‍സ് കോളേജ്, കേംബ്രിന്ഡജിലെ ട്രിനിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഡിഗ്രി, പി.ജി, എം.ഫില്‍ എന്നിവയുണ്ട് രാഹുലിന്. രാഷ്ട്രീയത്തിലെത്തും മുമ്പ് ലണ്ടനില്‍ മാനേജിംഗ് കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടുണ്ട്. ഫ്ളൈയിംഗ് ലൈസന്‍സ് ഉണ്ട് രാഹുലിന്. അവിവാഹിതനായ ഈ 49 കാരന് ഫോട്ടോഗ്രാഫിയിലും പ്രാവിണ്യമുണ്ട്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കി. ബി.ജെ.പി വിരുദ്ധ സഖ്യം രൂപവല്‍ക്കരിക്കാനായി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം കൈകോര്‍ക്കാനൊരുങ്ങിയ ഇടത് പക്ഷത്തിന് രാഹുലിന്റെ വയനാട് തീരുമാനം തിരിച്ചടിയായി.

രാഹുല്‍ ബി.ജെ.പിക്കെതിരെയാണ് മത്സരിക്കേണ്ടതെന്ന നിലപാടാണ് സി.പി.എമ്മിനും ഉണ്ടായിരുന്നത്. ഇടത് പക്ഷത്തിനെതിരെ രാഹുല്‍ മത്സരിച്ചാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ഇടത് പാര്‍ട്ടികള്‍ പറയുന്നത്. എന്‍.സി.പിയെപ്പോലുള്ള ചില കക്ഷികളും കോണ്‍ഗ്രസിലെ ചൗഹാന്‍, പി.സി. ചാക്കോ തുടങ്ങിയവരും ഇടത് പക്ഷത്തെ വിഷമിപ്പിക്കരുത് എന്ന നിലപാടെടുത്തിരുന്നു. ആ നിലപാടുകളാണ് രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്വത്തില്‍ അനിശ്ചിതത്വം ഉണ്ടാക്കിയത്. പക്ഷേ കോണ്‍ഗ്രസ് അന്തിമമായി ഇടത് നിലപാട് തളളി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചു.

കോണ്‍ഗ്രസ് ബി.ജെ.പിയെ അല്ല ഇടത് പാര്‍ട്ടികളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറയുന്നു. അതേ സമയം ഇടത് പാര്‍ട്ടികള്‍ പിന്തുണച്ചില്ലെങ്കിലും ദേശീയ തലത്തില്‍ തൃണമുല്‍ കോണ്‍ഗ്രസിന്റെ പിന്തുണയ്ക്ക് കോണ്‍ഗ്രസ് ശ്രമിക്കും.
വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം കേരളം അടക്കം ഉള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം ചെലുത്തുമെങ്കിലും ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയില്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് ഇടത് പക്ഷം കണക്ക് കൂട്ടുന്നത്.

പ്രതിപക്ഷം ചിതറി നിന്ന് മത്സരിച്ച 2014 ലെ ജനവിധിയിലുണ്ടായ തിരിച്ചടി കണക്കിലെടുത്ത് ഇക്കുറി പൊതു ധാരണയുണ്ടാക്കി മത്സരിക്കാനായിരുന്നു പ്രതിപക്ഷകക്ഷികളുടെ തീരുമാനം. ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തിന്റെ ഒരു സ്ഥാനാര്‍ത്ഥി എന്ന സമീപനമായിരുന്നു ഇടത് പക്ഷത്തിന്റെ ലക്ഷ്യം. പരസ്പരം മത്സരിച്ച് ബി.ജെ.പിക്ക് അവസരം ഉണ്ടാക്കരുതെന്നായിരുന്നു പ്രതിപക്ഷ ലക്ഷ്യം. എന്നാല്‍ ഈ ധാരണ യു.പിയില്‍ നടപ്പാക്കാനായില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊതുവെ ഈ ധാരണ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. മഹാസഖ്യത്തിന്റെ തട്ടകമായ ബീഹാറില്‍ പോലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇടയില്‍ പടലപ്പിണക്കം ഉണ്ട്. സി.പി.എമ്മിനും, സി.പി.ഐക്കും സീറ്റുകള്‍ ഉത്തരേന്ത്യയില്‍ ലഭിച്ചില്ലെന്നു മാത്രം അല്ല, അവരുടെ മണ്ഡലങ്ങളില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്.
ബംഗാളില്‍ കോണ്‍ഗ്രസ് സി.പി.എം ചര്‍ച്ചകളും എങ്ങുമെത്താത്ത നിലയിലാണ് താനും. ബംഗാളിലും, ത്രിപുരയിലും കാര്യമായി ഒന്നും കിട്ടാത്ത സി.പി.എം കേരളത്തില്‍ വമ്പന്‍ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനര്‍ത്ഥിത്വം ഇടതിന്റെ സീറ്റു പ്രതീക്ഷകളെ ബാധിക്കുന്ന നിലയിലാണിപ്പോള്‍. കോണ്‍ഗ്രസ് സമീപനത്തെ ചൊല്ലിയുള്ള സി.പി.എമ്മിലെ ആശയക്കുഴപ്പം കൂടുതല്‍ ആഴത്തിലേക്ക് പോകാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.

ദക്ഷിണേന്ത്യയില്‍ എവിടെനിന്നെങ്കിലും രാഹുല്‍ മത്സരിക്കണമെന്ന ആവശ്യപ്പെട്ടത് യച്ചൂരി തന്നെയാണെന്നുള്ളതാണ് വിരോധാഭാസം. യച്ചൂരിയുടെ നിര്‍ദ്ദേശത്തെ യു.പി.എ ഘടകകക്ഷികളും അംഗീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ദക്ഷിണേന്ത്യ എന്നൊരു ചിന്ത കോണ്‍ഗ്രസ് നേതൃത്വത്തില്‍ പോലും വന്നത്. ഈ സമയ്തതാണ് തമിഴ്നാട്ടില്‍ മത്സരിച്ച് വിജയിച്ച് രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് ഡി.എം.കെ. നേതാവ് സ്റ്റാലിന്‍ ആവശ്യപ്പെട്ടത്. കര്‍ണ്ണാടകയില്‍ രാഹുല്‍ മത്സരിക്കണമെന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ എ.ഐ.സി.സി സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും, കെ.പി.സി.സി നേതൃത്വവും, രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ടു. ദീര്‍ഘമായ ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ നടന്നു.

ഏറ്റവും ഒടുവില്‍ എ.കെ. ആന്റണി, അഹമ്മദ് പട്ടേല്‍ തുടങ്ങിയ എല്ലാ മുതിര്‍ന്ന നേതാക്കളും, മാര്‍ച്ച് 30ന് ശനിയാഴ്ച ഡല്‍ഹിയില്‍ കൂടിയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്നു അന്തിമമായി തീരുമാനിച്ചത്. ശനിയാഴ്ച രാത്രി തന്നെ മുതിര്‍ന്ന നേതാക്കള്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ വിവരം അറിയിച്ചു. ഒരാഴ്ച കോണ്‍ഗ്രസ് നേതൃത്വം കൂട്ടായി ചര്‍ച്ച ചെയ്തശേഷമാണ് ഇടത് പക്ഷ തീരുമാനത്തെ തള്ളി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. ഇനി എങ്ങനെ മുമ്പോട്ടുപോകണമെന്നും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ടത്രെ.

Related Post

ഗുജറാത്തിൽ അല്‍പേഷ് താക്കൂര്‍ ബിജെപി സ്ഥാനാർഥി    

Posted by - Sep 30, 2019, 10:15 am IST 0
ന്യൂഡല്‍ഹി: താക്കൂര്‍ വിഭാഗം നേതാവും ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ അല്‍പേഷ് താക്കൂര്‍ ബിജെപിയ്ക്ക് വേണ്ടി മത്സരിക്കാനൊരുങ്ങുന്നു.  നേരത്തെ മത്സരിച്ച് വിജയിച്ച രാധന്‍പുര്‍ മണ്ഡലത്തില്‍ നിന്ന് തന്നെയാകും…

ബിജെപിയെ കുഴപ്പിച്ച് ലിംഗായത്ത്

Posted by - Mar 20, 2018, 09:17 am IST 0
ബിജെപിയെ കുഴപ്പിച്ച് ലിംഗായത്ത്  കർണാടകയിലുള്ള ലിംഗായത്തേക്ക് പ്രത്യേകമതപദവി നൽകാൻ എസ്. സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചു.അവസാന അനുമതിക്കായി കേന്ദ്ര സർക്കാരിനായക്കും. ഇവർക്ക് ന്യൂനപക്ഷപദവി നല്‍കാമെന്ന് റിട്ട. ഹൈക്കോടതി…

റിമാൻഡിലായ സ്ഥാനാർത്ഥി പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും

Posted by - Mar 29, 2019, 04:39 pm IST 0
കോഴിക്കോട്: ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ റിമാൻഡിലായ യുവമോർച്ച സംസ്ഥാന പ്രസിഡന്റും ബിജെ പി കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥിയുമായ കെപി പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പത്തനംതിട്ട…

സിപിഐഎം പ്രവര്‍ത്തകന്‍റെ കൊലപാതകം; അക്രമി സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞു

Posted by - Aug 6, 2018, 11:27 am IST 0
കാസര്‍കോട് ഉപ്പളയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അക്രമി സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞു. അബ്ദുള്‍ സിദ്ദീഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സംഭവത്തില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു.…

ക്രിസോസ്റ്റം തിരുമേനിക്ക് ഉപരാഷ്ട്രപതി ഇന്ന് ആദരമർപ്പിക്കും 

Posted by - Apr 30, 2018, 09:03 am IST 0
തിരുവല്ലയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ കൊച്ചിയിൽ എത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലിത്തയെ ആദരിക്കും  നാവികസേനയുടെ വിമാനത്താവളത്തിൽ പ്രത്യേക…

Leave a comment