തിരുവനന്തപുരം: വയനാട് ലോക്‌സഭാമണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി ഏപ്രിൽ നാലിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമെത്തും. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നാണ് വിവരം.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറി മുകുൾ വാസ്‌നികിന് ആകും വയനാട്ടിൽ പ്രചരണത്തിന്റെ ചുമതല. എഐസിസി സെക്രട്ടറി ദീപക് ബാബറിയയെ സഹായിക്കാനായി ചുമതലപ്പെടുത്തിയേക്കും. എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ എന്നിവരും കേരളത്തിലെ മറ്റ് മുൻനിര നേതാക്കളും വയനാട്ടിൽ സജീവമായി പ്രചരണത്തിലുണ്ടാകും.
രണ്ടാം തീയതി ചൊവ്വാഴ്ച കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങ് ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് നടക്കുന്നുണ്ട്. അതിനാൽ ബുധനാഴ്ച മാത്രമേ രാഹുലിന് കേരളത്തിൽ എത്താൻ കഴിയൂ എന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. അഞ്ചിന് സൂക്ഷ്മ പരിശോധന. എട്ടാം തീയതി വരെ പത്രിക പിൻവലിക്കാം.
ഒരാഴ്ചയിലധികമായി നീണ്ടുനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായത്. ഉത്തർപ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുൽ വയനാട്ടിൽ കൂടി മത്സരിക്കുന്നത്.