ദില്ലി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാവും. വയനാട് സീറ്റിന്റെ കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം വലിയ അസംതൃപ്തിയിലേക്ക് വഴിമാറിയ സാഹചര്യത്തിലാണ് രണ്ടിലൊരു തീരുമാനം അധികം വൈകില്ലെന്ന വിശദീകരണവുമായി ഉന്നത കോൺഗ്രസ് വൃത്തങ്ങൾ രംഗത്തെത്തുന്നത്.
ഇന്നോ നാളെയോ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. നാളെ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലി കര്‍ണാടകയിൽ നടക്കുന്നുണ്ട്. അതിന് മുൻപ് തെക്കേ ഇന്ത്യയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനും നിലപാട് പറയാനും നിര്‍ബന്ധിതമായ സാഹചര്യമാണ് രാഹുൽ ഗാന്ധിക്ക് മുന്നിൽ ഇപ്പോഴുള്ളത്.
നാമനിര്‍ദ്ദേശ പത്രിക നൽകാനുള്ള സമയവും അതിക്രമിക്കുകയാണ്. ഇന്നോ നാളെയോ തീരുമാനം ഉണ്ടായാലും ഒന്നും മൂന്നും തീയതികൾ മാത്രമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് രാഹുലിന് മുന്നിൽ ശേഷിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം ആകാത്തത് വലിയ അതൃപ്തി യുഡിഎഫ് ഘടകകക്ഷികൾക്കിടയിലും ഉണ്ടായിട്ടുണ്ട്. ലീഗ് ശക്തികേന്ദ്രമായ വയനാട്ടിൽ യുഡിഎഫിന് ഇത് വരെ സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യം വലിയ അതൃപ്തിയാണ് നേതാക്കൾക്ക് ഉണ്ടാക്കുന്നത്.
വയനാടിനൊപ്പം വടകര സ്ഥാനാര്‍ത്ഥി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും വൈകുകയാണ്. ഇതും പ്രവര്‍ത്തകര്‍ക്കിടയിലും യുഡിഎഫ് ക്യാമ്പിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇന്നോ നാളെയോ ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വയനാട് മത്സരിക്കുന്ന കാര്യത്തിൽ മാത്രമല്ല വരാണസിയിൽ നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിലും ദില്ലിയിൽ ആം ആദ്മി പാര്‍ട്ടിയുമായി കോൺഗ്രസിന്‍റെ സഖ്യ നീക്കത്തിലും എല്ലാം അവസാന തീരുമാനം രാഹുൽ ഗാന്ധിയിൽ നിന്നാണ് പ്രതീക്ഷിക്കുന്നത്.