ന്യൂഡല്‍ഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയിലും കനത്ത നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യപ്രകാരം രാജ്യത്തെ വിവിധ സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ സ്വമേധയാ തയ്യാറാക്കിയ പെരുമാറ്റച്ചട്ടം ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ കമ്മീഷന്‍ അംഗീകരിച്ചു. ഇതോടെ സോഷ്യല്‍ മീഡിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും നിരീക്ഷിക്കപ്പെടും.
ഇത് ആദ്യമായാണ് ഇന്ത്യയില്‍ ഒരു തിരഞ്ഞെടുപ്പിനിടെ സോഷ്യല്‍ മീഡിയയുടെ ഇടപെടലുകള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത്. രാജ്യത്തെ 90 കോടിയാളുകള്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനിരിക്കെ, ലോകം കണ്ടതില്‍ ഏറ്റവും വലിയ സോഷ്യല്‍ മീഡിയാ, ഇന്റര്‍നെറ്റ് നിരീക്ഷണ ശ്രമങ്ങളാവും ഇത്തവണ നടക്കുക.
ഭാവിയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ഈ രീതി തുടരും.
ബുധനാഴ്ച നടന്ന യോഗത്തില്‍ പെരുമാറ്റചട്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍, ഷെയര്‍ചാറ്റ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ സമ്മതമറിയിച്ചു. മാര്‍ച്ച് 20 മുതല്‍ ചട്ടം നിലവില്‍ വന്നു.