തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്കെത്താൻ ഇനി 25 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ, സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ച് തുടങ്ങും. പ്രചാരണം മുറുകുന്നതിനിടെയാണ് പത്രികാ സമർപ്പണം തുടങ്ങുന്നത്. അടുത്ത മാസം നാല് വരെ പത്രിക നൽകാം. അഞ്ചിനാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഏപ്രിൽ എട്ട്. നിർണ്ണായക വോട്ടെടുപ്പ് 23 ന്.
ഇഞ്ചോടിഞ്ച് പോരിലാണ് മുന്നണികൾ. ശബരിമല, കൊലപാതക രാഷ്ട്രീയം, ഭരണനേട്ടങ്ങൾ, കോലിബീ – മാബി – കോമ സഖ്യങ്ങൾ, ഒടുവിലിപ്പോൾ പ്രചാരണത്തിലെ പ്രധാന ചർച്ച രാഹുലിൻറെ വരവാണ്.
പ്രചാരണത്തിൽ മുന്നണികൾ സജീവമായി മുന്നോട്ടുപോകുമ്പോഴും വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന അനിശ്ചിതത്വം തുടരുന്നതിന്‍റെ ആശങ്കയിലാണ് യുഡിഎഫ്. പാർട്ടി അധ്യക്ഷൻ വയനാട്ടിൽ സ്ഥാനാർത്ഥിയാകുമെന്ന നേതാക്കളുടെ വാക്കിൽ ആവേശത്തിലായിരുന്നു കോൺഗ്രസ് ക്യാമ്പ്. എന്നാൽ രാഹുൽ വരവ് ഉറപ്പിച്ച് പറയാത്തതോടെ കോൺഗ്രസ്സും യുഡിഎഫും ആശയക്കുഴപ്പത്തിലാണ്.