ദില്ലി: ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. കണക്കിൽപെടാത്ത പണം പിടിച്ചെടുത്തതിനെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂർ സീറ്റിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാർശ പ്രകാരം രാഷ്ട്രപതിയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
തമിഴ്നാട്ടിലെ മറ്റു സീറ്റുകളിലെ വോട്ടെടുപ്പ് നാളെ പൂർത്തിയാകും. കർണ്ണാടകത്തിലെ ആദ്യ ഘട്ട വോട്ടെടുപ്പും നാളെ നടക്കും. ഒഡീഷയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടവും നാളെയാണ്.
മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, നിഖിൽ കുമാരസ്വാമി, പ്രജ്വൽ രേവണ്ണ, സദാനന്ദ ഗൗഡ, വീരപ്പ മൊയ്‍ലി തുടങ്ങിയവർ കർണാടകത്തിൽ ജനവിധി തേടുന്നു.
കനിമൊഴി, കാർത്തി ചിദംബരം, എ രാജ, എച്ച് രാജ, പൊൻ രാധാകൃഷ്ണൻ, അൻപുമണി രാംദോസ് തുടങ്ങിയവർ തമിഴ്നാട്ടിലെ പ്രമുഖ സ്ഥാനാർത്ഥികളിൽ ഉൾപ്പെടുന്നു. ഹേമമാലിനി, ഡാനിഷ് അലി, സുഷ്മിതാ ദേവ്, താരിഖ് അൻവർ തുടങ്ങിയ നേതാക്കളും രണ്ടാംഘട്ടത്തിൽ മത്സരരംഗത്തുണ്ട്.