തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇത്തവണ വൈകും. ഓരോ മണ്ഡലത്തിലേയും 5 ബൂത്തുകളിലെ വിവി പാറ്റ് രസീത് എണ്ണണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണിത്. 5 മണിക്കൂറെങ്കിലും ഇതിന് വേണ്ടി വരുമെന്നും വൈകിട്ടോടെ മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകൂവെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.
ഓരോ നിയമസഭ മണ്ഡലത്തിലെയും അഞ്ച് വോട്ടിംഗ് യന്ത്രത്തിലെ വിവി പാറ്റ് രസീതുകൾ എണ്ണണം എന്നാണ് സുപ്രീംകോടതി ഉത്തരവ്. ഇതുപ്രകാരം 4120 നിയമസഭ മണ്ഡലങ്ങളിലായി 20,600 വോട്ടിംഗ് യന്ത്രത്തിലെ വിവി പാറ്റ് രസീതുകളാകും ഈ തെരഞ്ഞെടുപ്പിൽ എണ്ണേണ്ടിവരിക.
നിലവിൽ ഓരോ മണ്ഡലത്തിലും ഒരു വോട്ടിംഗ് യന്ത്രത്തിലെ വിവി പാറ്റ് രസീതുകൾ എണ്ണാറുണ്ട്. ഇത് അഞ്ച് മടങ്ങായി ഉയര്‍ത്തുകയാണ് കോടതി ചെയ്തത്.
50 ശതമാനം വിവി പാറ്റ് രസീതുകൾ എണ്ണണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ആംആദ്മി, ടിഡിപി ഉൾപ്പടെ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം 50 ശതമാനം വിവി പാറ്റ് രസീതുകൾ എണ്ണുന്നത് പ്രായോഗികമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചു.