തിരുവനന്തപുരം: രാഹുൽ ഗാന്ധി ബിജെപിക്കെതിരായാണ് മത്സരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വളരെ മോശമായ രീതിയിലാണ് എൽഡിഎഫ് രാഹുലിനെ വിമർശിച്ചത്. എന്നാൽ രാഹുലിന്‍റെ മറുപടി മാതൃകാപരമായിരുന്നുവെന്നും ജനഹൃദയങ്ങളെ സ്പർശിക്കുന്നതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേസരിയിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും മത്സരിക്കാം. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. സർവേ ഫലങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യയിൽ ബിജെപിയുടെ സ്വാധീനം കുറയ്ക്കാനാണ് രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത്. സിപിഎമ്മിനെതിരെ രാഷ്ട്രീയപരമായ വിമർശനം ഉണ്ടാകും. വ്യക്തിപരമായ വിമർശനം ഉണ്ടാകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.