തിരുവനന്തപുരം: വികസനവും മുന്നേറ്റവും പാപമാണെന്ന മനോഭാവം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും അത് മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വികസനത്തിനൊപ്പം വരുന്ന തൊഴിലവസരങ്ങള്‍ അവരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തും. ചില പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ വികസനം കണക്കിലെടുക്കുമ്പോള്‍ നമുക്ക് അവയെ അവഗണിച്ച് മുന്നോട്ട് പോകാവുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുക്കുന്നതിനെതിരെ കീഴാറ്റൂരില്‍ നടന്ന വയല്‍ക്കിളി സമരത്തെ ഉന്നംവച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. വികസന കാര്യങ്ങളില്‍ സര്‍ക്കാരിന് ഉദ്യോഗസ്ഥരില്‍ നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ഒരു ദേശീയ പത്രത്തോട് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരും ജനങ്ങളും ഭിന്നതകള്‍ മാറ്റിവച്ച് വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരമൊരു സംസ്‌കാരം കേരളത്തിലും ഉണ്ടാവണം.
എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും വികസനത്തിന്റെ കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടാണെന്നും പിണറായി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം വികസന പദ്ധതികളോട് കാണിക്കുന്ന മനോഭാവം പ്രശ്നമാണ്. ഇത് അവരുടെ പ്രശ്നമല്ല, മറിച്ച് കേരളത്തിന്റെ പൊതുമനസ്ഥിതിയാണ് കാണിക്കുന്നത്. വികസനത്തിന്റെ ഫലം എല്ലാരിലും എത്തണം. സമൂഹത്തിന്റെ ഒരു നല്ല പങ്കിനും സര്‍ക്കാരിന്റെ സഹായം ആവശ്യമില്ല. എന്നാല്‍, താഴേക്കിടയിലുള്ളവരുടെ കാര്യം അങ്ങനെയല്ല.