കാസര്‍കോട്: ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്തു വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണമെന്ന് പ്രസംഗിച്ച വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സ്വാധി സരസ്വതിക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. 'ഒരുലക്ഷം രൂപവരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ആയിരം രൂപ മുടക്കി ഒരു വാള്‍ വാങ്ങി എല്ലാവീടുകളിലും വെക്കണം.
ലൗജിഹാദികള്‍ സ്ത്രീകളെ നോക്കിയാല്‍ അവരുടെ കഴുത്തു വെട്ടാന്‍ ഈവാള്‍ ഉപയോഗിക്കണമെന്നാണ് സ്വാധി സരസ്വതി പറഞ്ഞത്. ''പശുവിനെ ഗോമാതാവായി കാണുന്നവരല്ലേ നിങ്ങള്‍. അമ്മയെ അറവ് ശാലയിലേക്ക് അയക്കുമോ. അതുകൊണ്ടു ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും വാളുപയോഗിച്ചു വെട്ടണമെന്നും വിവാദപ്രസംഗത്തിൽ പറഞ്ഞു.
ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാകി ജയ് എന്ന് പറയണം. അയോധ്യയില്‍ എന്നല്ല ഇന്ത്യയില്‍ ഒരിടത്തും ബാബറിന്റെ പേരില്‍ പള്ളി നിര്‍മ്മിക്കാന്‍ അനുവദിക്കില്ല. പാപിയായ ബാബറെയും ഔറങ്കസീബിനെയും അംഗീകരിക്കാന്‍ ആവില്ലെന്നും അവര്‍ പ്രസംഗിച്ചു. കാസര്‍കോട് ബദിയടുക്കയില്‍ നടന്ന വിരാറ്റ് ഹിന്ദു സമാജോത്സവം ഉദ്‌ഘാടനം ചെയ്യുമ്പോഴാണ് സവാധി സരസ്വതി വിവാദപ്രസംഗം നടത്തിയത്.