കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീയെ അപഹസിക്കുന്ന തരത്തിൽ നടത്തിയ പരാർമർശം പിൻവലിക്കുന്നതായി പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ് പറഞ്ഞു. കന്യാസ്ത്രീക്കെതിരായി മോശം പരാമർശം നടത്തിയത് തെറ്റായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. കോട്ടയം പ്രസ് ക്ലബിലെ വാർത്താസമ്മേളനത്തിൽ താൻ ആ കന്യാസ്ത്രിക്കെതിരെ നടത്തിയ പരാമർശം തെറ്റായി പോയി. വേശ്യ എന്ന പദപ്രയോഗം നടത്താൻ പാടില്ലായിരുന്നു.
എന്നാൽ, ഈ പദപ്രയോഗം ഒഴിച്ച് താൻ പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചു നിൽക്കുകയാണ്'- പി.സി ജോർജ് പറഞ്ഞു. എന്നാൽ താൻ അവരെ കന്യാസ്ത്രീയായി കൂട്ടുന്നില്ലെന്നും പി.സി ജോർജ് വ്യക്തമാക്കി. കോട്ടയം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ മദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനിടയിൽ കന്യാസ്ത്രീയെന്ന് അവകാശപ്പെടുന്ന അവരെ കുറിച്ച് താൻ ഒരു വാക്ക് പ്രയോഗിച്ചു. അത് പാടില്ലായിരുന്നു. എത്ര മോശപ്പെട്ട സ്ത്രീയാണെങ്കിലും അവരെ ആ വാക്ക് ഉപയോഗിച്ച് വിശേഷിപ്പിക്കാൻ പാടില്ലായിരുന്നു- പി.സി ജോർജ് വ്യക്തമാക്കി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ ഇതുവരെ തനിക്ക് നോട്ടീസ് അയച്ചിട്ടില്ല. നോട്ടീസ് ലഭിച്ചതിന് ശേഷം അതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുമെന്ന് പി.സി ജോർജ് വ്യക്തമാക്കി.