കൊച്ചി: മുസ്ലീം ലീഗിനെതിരായ വൈറസ് പരാമർശത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപിയുടെയും യോഗി ആദിത്യനാഥിന്‍റെയും പരാമർശങ്ങൾ പച്ചയായ വർഗീയതയാണ്. യോഗിയുടെ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും യഥാർത്ഥ വൈറസ് ബിജെപിയാണെന്നും എറണാകുളം പ്രസ്ക്ലബ്ബിന്‍റെ വോട്ടും വാക്കും പരിപാടിയിൽ പ്രതിപക്ഷനേതാവ് പറഞ്ഞു.
അതേ സമയം വൈറസ് എന്ന് വിളിക്കുകയും പാക്കിസ്ഥാൻ പതാക ഉപയോഗിക്കുന്നവരെന്ന് ആരോപിക്കുകയും ചെയ്ത യോഗി ആദിത്യ നാഥിനെതിരെ മുസ്ലീം ലീഗ് ഇന്ന് പരാതി നൽകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് അറിയിച്ചു.
മുസ്ലീം ലീഗ് പതാകയും പാക്കിസ്ഥാന്‍ പതാകയും ഒന്നാണെന്ന് പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകൃത പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന സംഘടനയെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് മജീദ് പറയുന്നു. ഇക്കാര്യവും പരാതിയിൽ ചൂണ്ടിക്കാണിക്കും.