കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമായി ഉന്നയിക്കാന്‍ സംസ്ഥാന ബിജെപി നേതൃത്വം തീരുമാനിച്ചു. കേരളം പോളിംഗ് ബൂത്തിലെത്താന്‍ പത്ത് ദിവസം മാത്രം ശേഷിക്കേ ശബരിമല വിഷയം ശക്തമായി ഉന്നയിക്കാന്‍ എല്ലാ സ്ഥാനാര്‍ഥികളോടും ബിജെപി സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചതായാണ് വിവരം.
നേരത്തെ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് പ്രകടിപ്പിച്ച സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയും ഇക്കാര്യത്തില്‍ തീവ്രനിലപാടാണ് സ്വീകരിക്കുന്നത്.
ശബരിമല വിഷയം ഉന്നയിച്ചുള്ള പ്രചാരണത്തിന് കിട്ടുന്ന ജനസ്വീകാര്യതയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നറിയിപ്പ് അവഗണിച്ചും അതേറ്റു പിടിക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്. വളരെ വൈകി മാത്രം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച പത്തനംതിട്ടയിലും, തൃശ്ശൂരിലും ശബരിമല വിഷയം വലിയ ഓളമുണ്ടാക്കിയെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്.
തെരഞ്ഞെടുപ്പിന്‍റെ പ്രാരംഭഘട്ടത്തില്‍ ശബരിമല വിഷയം ബിജെപി ഉയര്‍ത്തി കൊണ്ടുവന്നിരുന്നുവെങ്കിലും പിന്നീട് ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രചാരണം ഒന്നു മയപ്പെടുത്തിയിരുന്നു.
ശബരിമല വിഷയത്തില്‍ പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോഴിക്കോട്ടെ പ്രഖ്യാപനവും ബിജെപി തെരഞ്ഞെടുപ്പ് പത്രികയില്‍ ശബരിമലയിലെ ആചാരസംരക്ഷണം ഉള്‍പ്പെടുത്തിയതും കേരളഘടകത്തിന് ആത്മവിശ്വാസം നല്‍കുന്നു.
ഇന്ന് മുതല്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളോട് ശബരിമല വിഷയം ശക്തമായി ഉന്നയിച്ച് പ്രചാരണം നടത്തണമെന്ന നിര്‍ദ്ദേശം നേതൃത്വം നല്‍കിയിട്ടുണ്ട്. ശരണം വിളിച്ചും പ്രചാരണം നടത്തണമെന്ന നിര്‍ദേശം വരെ ചില സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചതായാണ് സൂചന.
കര്‍ക്കശ നിലപാടുകളുടെ പേരില്‍ ഇതിനോടകം കേരളത്തിലെ എല്ലാ പാര്‍ട്ടികളുമായും ഉരസി നില്‍ക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ ഇതിനെതിരെ എന്ത് നിലപാട് സ്വീകരിക്കും എന്നത് കണ്ടറിയണം.