കോഴിക്കോട്: ശബരിമല വിഷയത്തില്‍ ഇതുവരെ എടുത്ത നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ബി.ജെ.പി. ശബരിമലയിലെ പ്രതിഷേധംസ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരായല്ലെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള കോഴിക്കോട്ട് പറഞ്ഞത്. യുവതികള്‍ വരുന്നോയെന്നത് തങ്ങളുടെ പ്രശ്നമല്ല. ശബരിമലയെ കമ്മ്യൂണിസ്റ്റുകാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ആ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായാണ് തങ്ങളുടെ സമരമെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
അതിനുവേണ്ടിയാണ് കോടിക്കണക്കിനാളുകളുടെ ഒപ്പു ശേഖരിക്കാന്‍ വീടുകളില്‍ പോകുന്നത്. അല്ലാതെ അവിടെ സ്ത്രീകള്‍ വരുന്നോ, പോകുന്നോ എന്നു നോക്കാന്‍ വേണ്ടിയല്ല. സ്ത്രീകള്‍ വരുന്നതില്‍ പ്രതിഷേധിക്കുന്ന ഭക്തര്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നും ശ്രീധരന്‍ പിള്ള കോഴിക്കോട്ട് പറഞ്ഞു. ശബരിമലയിലെ അറസ്റ്റ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി സമരം തുടങ്ങിയത്. ശബരിമലയില്‍ സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ വിശ്വാസ സംരക്ഷണ യാത്രയും നടത്തി.ഈ സമരം തുടരുന്നതിനിടെയാണ് സംസ്ഥാന പ്രസിഡന്റ് ഇന്ന് പുതിയ നിലപാട് പ്രഖ്യാപിച്ചത്.