ഡര്‍ബന്‍: ചരിത്രങ്ങള്‍ തിരുത്തി റെക്കോഡുകള്‍ എത്തിപ്പിടിക്കുന്നതില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ പ്രതിഭ ഒന്നുവേറെ തന്നെയാണ്. അസാധ്യമായ പലതും പ്രകടനം കൊണ്ട് തിരുത്തുന്ന കോഹ്‌ലിയുടെ മുന്നില്‍ ഒടുവില്‍ ദക്ഷിണാഫ്രിക്കയും അടിയറവ് പറഞ്ഞു. ആറ് മല്‍സരങ്ങടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ മൈതാനം വിടുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ക്യാംബിനില്‍ നിന്ന് വരെ കൈയടികളെത്തിയപ്പോള്‍ ഗാലറിയില്‍ ഇരമ്പിയടിച്ചത് വിരാട് കോഹ്‌ലി എന്ന വീര നായകന്റെ പേരാണ്. ഇതിഹാസ താരങ്ങളെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയ പല ഇന്ത്യന്‍ താരങ്ങള്‍ക്കും സാധിക്കാതെ പോയ നേട്ടമാണ് കോഹ്‌ലിയും സംഘവും ഡര്‍ബനില്‍ നേടിയെടുത്തത്. ഡര്‍ബനില്‍ ആദ്യമായി ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താന്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച കോഹ്‌ലി ഒരുപിടി റെക്കോഡുകളും അക്കൗണ്ടിലാക്കിയാണ് കൂടാരം കയറിയത്.
